നാലംഗ സംഘം മകനേയും സുഹൃത്തുക്കളെയും മര്‍ദിച്ചു; പരാതിയുമായി നടൻ സന്തോഷ് കീഴാറ്റൂർ


കണ്ണൂർ: നടന്‍ സന്തോഷ് കീഴാറ്റൂരിന്റെ മകനെയും സുഹൃത്തുക്കളെയും ആക്രമിച്ചതായി പരാതി. കണ്ണൂര്‍ തൃച്ചംബരത്ത് ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. സന്തോഷിന്റെ മകനേയും കൂട്ടുകാരേയും നാലംഗ സംഘം ആക്രമിച്ചെന്നാണ് പരാതി. തങ്ങളെ ആക്രമിച്ചതിന് പിന്നില്‍ ബിജെപി പ്രവര്‍ത്തകരാണെന്ന് മര്‍ദനമേറ്റ യദു സായന്ത് പറഞ്ഞു. സന്തോഷിന്റെ മകനും സുഹൃത്തുക്കളും സുഹൃത്തിന്റെ പിറന്നാള്‍ ആഘോഷത്തിന് പോയപ്പോഴായിരുന്നു ആക്രമണം ഉണ്ടായത്.

പൊതുസ്ഥലത്ത് വെച്ചാണ് തങ്ങളെ മര്‍ദിച്ചതെന്ന് ഇവര്‍ പറയുന്നു. സന്തോഷിന്റെ മകനല്ലേ എന്ന് ചോദിച്ചാണ് മകനെ മര്‍ദിച്ചതെന്ന് സന്തോഷ് കീഴാറ്റൂര്‍ പറഞ്ഞു. ഫ്ലെക്സിന് കല്ലെറിഞ്ഞു എന്ന് പറഞ്ഞാണ് മര്‍ദനം നടന്നതെന്ന് അദ്ദേഹം പറഞ്ഞു. കുട്ടികളെ ഹെല്‍മെറ്റ് വെച്ച് മര്‍ദിച്ചെന്നും അക്രമിച്ചവരുടെ കൈവശം ഇരുമ്പ് ദണ്ഡ് ഉള്‍പ്പെടെ ഉണ്ടായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

താന്‍ കുട്ടികളെ കാണുമ്പോള്‍ അവരുടെ മൂക്കില്‍ നിന്നുള്‍പ്പെടെ ചോരയൊലിക്കുന്നുണ്ടായിരുന്നുവെന്ന് സന്തോഷ് പറഞ്ഞു. കുട്ടികളുടെ വസ്ത്രങ്ങളും വലിച്ചൂരിയിരുന്നു. നടന്നത് സാമൂഹ്യവിരുദ്ധരുടെ അഴിഞ്ഞാട്ടമാണ്. ഇത്തരം ആളുകള്‍ കുട്ടികളുടെ രാത്രി യാത്രയ്ക്കുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതിനാലാണ് കുട്ടികള്‍ രാജ്യത്തിന് പുറത്തേക്ക് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു. കുട്ടികള്‍ ഇപ്പോള്‍ തളിപ്പറമ്പ് സഹകരണ ആശുപത്രിയില്‍ ചികിത്സയിലാണ്.

Post a Comment

0 Comments