രഞ്ജിതയെ അവഹേളിച്ച് ഫേസ്ബുക്കിൽ കമൻ്റിട്ട താലൂക്ക് ഓഫീസ് ജൂനിയർ സൂപ്രണ്ട് കസ്റ്റഡിയിൽ




കാസര്‍കോട്: അഹമ്മദാബാദ് വിമാന അപകടത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശിനി രഞ്ജിതയ്‌ക്കെതിരെ സമൂഹ മാധ്യമത്തിൽ അപമാന പരമാർശം നടത്തിയ വെള്ളരിക്കുണ്ട് താലൂക്ക് ഓഫീസ് ജൂനിയര്‍ സൂപ്രണ്ട് പവിത്രൻ പൊലീസ് കസ്റ്റഡിയില്‍. വെള്ളരിക്കുണ്ട് പൊലീസാണ് പവിത്രനെ കസ്റ്റഡിയില്‍ എടുത്തത്. ഇയാള്‍ ജോലി ചെയ്യുന്ന താലൂക്ക് ഓഫീസില്‍ എത്തിയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. രഞ്ജിതയ്‌ക്കെതിരായ അവഹേളന പരാമർശത്തിന് പിന്നാലെ ഇയാളെ അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നു.

അഹമ്മദാബാദില്‍ ഉണ്ടായ വിമാന അപകടത്തില്‍ രഞ്ജിത മരണപ്പെട്ട വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയായിരുന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അവഹേളനുമായി രംഗത്തെത്തിയത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കമന്റില്‍ തീര്‍ത്തും മോശമായ പരാമര്‍ശമായിരുന്നു ഇയാള്‍ നടത്തിയത്. സംഭവം വിവാദമായതോടെ ഇയാള്‍ക്കെതിരെ വകുപ്പ് നടപടി സ്വീകരിക്കുകയായിരുന്നു.

ഹീനമായ നടപടിയാണ് ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് മന്ത്രി രാജന്‍ പ്രതികരിച്ചിരുന്നു. മുനുഷ്യത്വരഹിത നടപടി എന്നായിരുന്നു ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞത്. ഒരാള്‍ക്ക് എങ്ങനെയാണ് ഇങ്ങനെ എഴുതാന്‍ സാധിക്കുക എന്നും ഇത്തരത്തിലുള്ള പ്രവണതകളെ പ്രോത്സാഹിപ്പിക്കരുതെന്നും മന്ത്രി കൂട്ടിച്ചേർത്തു. രഞ്ജിതയുടെ വീട്ടിലെത്തി കുടുംബാംഗങ്ങളെ കണ്ട ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം. മുമ്പ് റവന്യൂ മന്ത്രിയായിരുന്ന ഇ ചന്ദ്രശേഖരനെ സോഷ്യല്‍ മീഡിയയിലൂടെ അവഹേളിച്ചതിന് ഇയാളെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്.

Post a Comment

0 Comments