തൃശ്ശൂർ: പടിയൂർ ഇരട്ടക്കൊലപാതക കേസ് പ്രതി പ്രേംകുമാറിന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റെടുക്കാൻ തയ്യാറായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. ഉത്തരാഖണ്ഡിലെ കേദാർനാദിലെ വിശ്രമ കേന്ദ്രത്തിലാണ് പ്രേംകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹത്തിന്റെ ചിത്രങ്ങൾ ബന്ധുക്കൾക്ക് കാണിച്ചുകൊടുത്ത് സ്ഥിരീകരണം വരുത്തിയിരുന്നു.
കാലാവസ്ഥ പ്രതികൂലമായതിനാൽ അന്വേഷണസംഘത്തിന് കേദാർനാഥിലേക്ക് എത്താൻ കഴിഞ്ഞിട്ടില്ല. അതേസമയം, പ്രേംകുമാറിന്റെ മരണം ആത്മഹത്യയാണ് എന്ന നിഗമനത്തിലാണ് പോലീസ്. രണ്ടാം ഭാര്യ രേഖയെയും അമ്മയെയും കൊലപ്പെടുത്തിയ ശേഷം ഇയാൾ ഒളിവിലായിരുന്നു. കോട്ടയം ചിങ്ങവനം സ്വദേശിയാണ് പ്രേംകുമാർ.
അതേസമയം മുന്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ജയില്‍വാസം അനുഭവിച്ച പ്രേംകുമാര്‍ ജാമ്യത്തില്‍ ഇറങ്ങിയതായിരുന്നു. ഇതിനിടെയാണ് നാടിനെ ഞെട്ടിച്ച് വീണ്ടും കൊലപാതകം നടത്തിയത്. ഇരിങ്ങാലക്കുട സ്വദേശികളായ രേഖയെയും രേഖയുടെ മാതാവ് മണിയെയും ആണ് പ്രേംകുമാർ കൊലപ്പെടുത്തിയത്. വീട്ടിൽ നിന്നും ദുര്‍ഗന്ധം വമിച്ചതോടെ നാട്ടുകാര്‍ നടത്തിയ പരിശോധനയിൽ വീടിനുള്ളിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു.
രേഖയുടെ ഭർത്താവായ പ്രേംകുമാറിനെ സംഭവത്തിന് ശേഷം കാണാതായതോടെയാണ് ഇയാളിലേക്ക് പോലീസ് അന്വേഷണം കേന്ദ്രീകരിച്ചത്. പക്ഷേ, കൃത്യം നടത്തി നാല് ദിവസം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താൻ പോലീസിന് സാധിച്ചിരുന്നില്ല. കൊലപാതകത്തിന് ശേഷം പ്രതി ഫോൺ ഉപയോഗിച്ചിട്ടില്ലായിരുന്നു. പ്രേംകുമാർ എത്തിപ്പെടാൻ സാധ്യതയുള്ള സ്ഥലങ്ങളിലെല്ലാം പോലീസ് വല വിരിച്ചിരുന്നു. രാജ്യം വിടാനുള്ള സാധ്യത കണക്കിലെടുത്ത് പ്രേംകുമാറിനായി ലുക്ക്ഔട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രേംകുമാറിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
0 Comments