'രാജ്ഭവനെ ആർഎസ്എസ് ശാഖാ നിലവാരത്തിലേക്ക് താഴ്ത്തരുത്', ഭാരതാംബ വിവാദത്തിൽ മുഖ്യമന്ത്രി

 



തിരുവനന്തപുരം : കേരളം ലഹരിക്കെതിരായ പോരാട്ടത്തിലാണെന്നും സംസ്ഥാനത്ത് ലഹരി വിരുദ്ധ പ്രചാരണം ശക്തമാക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ വിശദീകരണം. അന്താരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ജൂൺ 26 ന് അഞ്ചാം ഘട്ട ലഹരി വിരുദ്ധ ക്യാമ്പെയിൻ ഉദ്ഘാടനം ചെയ്യും. എന്റെ കുടുംബം ലഹരി മുക്ത കുടുംബം ലഹരി വിരുദ്ധ ക്യാമ്പെയിൻ ജനുവരി 30 വരെ നടത്തും. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരി വിരുദ്ധ പരിപാടികൾ നടപ്പിലാക്കും.സ്കൂളുകളിലെ പരാതികൾ പരിശോധിക്കും. ഓപ്പറേഷൻ ഡി ഹണ്ടിന്റെ ഭാഗമായി ജൂൺ 10 മുതൽ 16 വരെ 730 ലഹരിക്കേസുകൾ രജിസ്റ്റർ ചെയ്തുവെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. 

രാജ്ഭവനിലെ ഭാരതാംബ ചിത്ര വിവാദത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു.സർക്കാർ പരിപാടികൾക്ക് സർക്കാർ അംഗീകരിച്ച പൊതു ബിംബങ്ങൾ മാത്രമേ പാടുള്ളുവെന്ന സർക്കാർ നിലപാടാണ് കൃഷി മന്ത‌്രി ഗവർണറെ അറിയിച്ചത്. വ്യക്തിപരമായി പല താൽപര്യങ്ങളും പലർക്കും ഉണ്ടാകും. പക്ഷേ ഔദ്യോഗിക പരിപാടികളിൽ അത്തരം നടപടികൾ വേണ്ട. ഗവർണർക്കും ഇക്കാര്യം ബോധ്യമായെന്ന് കരുതുന്നു. ഔദ്യോഗിക പരിപാടികളിൽ അത്തരം നടപടികൾ ഇനി ഉണ്ടാകില്ലെന്നാണ് രാജ്ഭവൻ വിശദീകരിച്ചത്. രാജ്ഭവൻ രാഷ്ട്രീയ പ്രചാരണ വേദിയല്ല. ഭരണഘടനയോടുള്ള വെല്ലുവിളികൾ അംഗീകരിക്കാൻ കഴിയില്ല. ഭാരതാംബയെ അംഗീകരിക്കാൻ പ്രയാസം എന്തെന്ന് ചോദിക്കുന്നവരുണ്ട്. ഭരണഘടനയോടും ദേശീയ പതാകയോടും വരെ അസഹിഷ്ണുതയായിരുന്നു ആർഎസ്എസിന്. ഭാരതാംബയുടെ കയ്യിലെ കൊടി ആർഎസ്എസിന്റേതാണെന്ന് സംശയം ഇല്ല. ആർഎസ്എസ് ചിഹ്നം അവർക്ക് കൊണ്ട് നടക്കാം. അത് മറ്റുള്ളവരും അംഗീകരിക്കണമെന്ന് കരുതുന്നത് ശരിയല്ല.

Post a Comment

0 Comments