അഹമ്മദാബാദ്: അഹമ്മദാബാദ് വിമാനദുരന്തത്തിൽ നിർണായക തെളിവാകേണ്ട കോക്പിറ്റിലെ ബ്ലാക് ബോക്സ് ഇതുവരെ കണ്ടെത്താനായില്ല. ഗുജറാത്ത് എടിഎസ് ഡിവിആർ കണ്ടെത്തിയത് എയർ ഇന്ത്യ വിമാനത്തിന്‍റെതാണോ എന്ന് പരിശോധിക്കും. അപകടസ്ഥലം പ്രധാനമന്ത്രി സന്ദർശിച്ചു. നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗവും ചേർന്നു.
അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ചവരുടെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി തുടങ്ങി. തിരിച്ചറിയാത്തവരുടെ ഡിഎൻഎ പരിശോധനയും തുടരുന്നു. അതേസമയം അപകടത്തിൽ മരിച്ചവരുടെ എണ്ണം 265 ആയി.. വിമാനയാത്രികരെ കൂടാതെ സമീപത്തെ ബി.ജെ മെഡിക്കൽ കോളജിലെ ഹോസ്റ്റലിലെ വിദ്യാർഥികളും പ്രദേശവാസികളും ഉൾപ്പെടെ 24 പേരും മരിച്ചു.
വ്യാഴാഴ്ച ഉച്ചയ്ക്കാണ് അഹമ്മദാബാദിലെ മേഘാനി നഗറിനടുത്തുള്ള ജനവാസ മേഖലയിൽ എയർ ഇന്ത്യ വിമാനം തകർന്നുവീണത്. സംഭവത്തിൽ വിമാനത്തിലുള്ള 242 പേർ മരണപ്പെട്ടപ്പോൾ ഒരാൾ അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.11 A സീറ്റിലിരുന്ന വിശ്വാസ് കുമാർ രമേശ് ആണ് എമർജൻസി എക്സിറ്റ് വഴി രക്ഷപ്പെട്ടത്. മരിച്ചവരിൽ ഗുജറാത്ത് മുൻ മുഖ്യമന്ത്രി വിജയ് രൂപാണിയും മലയാളി നഴ്സ് രഞ്ജിത ഗോപകുമാറും ഉൾപ്പെടുന്നു. 169 ഇന്ത്യക്കാർ, 53 ബ്രിട്ടീഷ് പൗരന്മാർ, ഏഴ് പോർച്ചുഗീസുകാർ, ഒരു കനേഡിയൻ പൗരൻ എന്നിവരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
അഹമ്മദാബാദിൽ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനമാണ് തകർന്നുവീണത്. വിമാനത്താവളത്തിന് സമീപത്തുള്ള ബിജെ മെഡിക്കൽ കോളജ് ഹോസ്റ്റൽ കെട്ടിടത്തിലേക്ക് വിമാനം തകർന്ന് വീഴുകയായിരുന്നു. 625 അടി ഉയരത്തിലെത്തിയ വിമാനത്തിൽ നിന്ന് എയർ ട്രാഫിക് കൺട്രോളിലേക്ക് അപായ സന്ദേശം ലഭിച്ചിരുന്നു. വിമാനവുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും സിഗ്നൽ ലഭിച്ചില്ല. പിന്നാലെ തകർന്നു വീഴുകയായിരുന്നു.
0 Comments