വായനാദിനത്തിൽ അറിയാം കൊട്ടിയൂരിലെ ബിനോയ് ജേക്കബിനെ കുറിച്ച്

 




കൊട്ടിയൂർ:പഴം-പച്ചക്കറി കച്ചവടത്തിൽനിന്ന് ജീവിക്കാനുള്ളത് മാത്രമേ കിട്ടൂ. പക്ഷേ, മാസം 2000 രൂപയോളം പുസ്തകങ്ങൾ വാങ്ങാനായി ചെലവാക്കും. കടം വാങ്ങിയാണെങ്കിലും വായനയിൽ പിശുക്ക് കാണിക്കാറില്ല. കൊട്ടിയൂർ നീണ്ടു നോക്കിയിലെ കച്ചവടക്കാരൻ തുരുത്തിയിൽ വീട്ടിൽ ബിനോയ് ജേക്കബാണ് പിശുക്കില്ലാത്ത വായനക്കാരൻ. 2020 മുതൽ 2028 വരെ ഒരുലക്ഷം രൂപയ്ക്കടുത്ത് പുസ്ത കം വാങ്ങിയിട്ടുണ്ട്.

വലിയ തുക ചെലവാക്കുന്നതിനാൽ അമ്മ ആനി കാണാതെ ഒളിപ്പിച്ചാണ് പുസ്തകം വീട്ടിലെത്തിക്കുക. പിന്നെ ഈ ഒരു 'ദുശ്ശീലം' മാത്രമാണ് എനിക്കുള്ളതെന്ന് അമ്മയ്ക്കറിയാം, അതുകൊണ്ട് ചിലപ്പോൾ കണ്ടില്ലെന്ന് നടിക്കും. ഇപ്പോൾ രണ്ട് വലിയ ചില്ല് അലമാരകളിലായി ആയിരത്തിലധികം പുസ്തകങ്ങൾ സ്വന്തമായുണ്ട്. ഭാര്യ ബിന്ദുവും വിദ്യാർഥികളായ മക്കൾ ആദി, ആര്യ, അതിഥി എന്നിവരും വായിക്കും.53-കാരനായ ബിനോയ് യുപി സ്‌കൂൾ കാലം മുതലാണ് വായനയുമായി ചങ്ങാത്തം കൂടിയത്. അന്ന് മുത്തശ്ശൻ സ്കറിയ സൗജന്യമായി നൽകിയ സ്ഥലത്താ ണ് കൊട്ടിയൂർ നെഹ്റു സ്മാരക ഗ്രന്ഥശാല ഉയർന്നത്. അവിടെനിന്ന് പുസ്തകമെടുത്താണ് ഇരട്ട സഹോദരൻ ബിജോയൊപ്പം വായന തുടങ്ങിയത്. പിന്നീട് പിതാവ് ജേക്കബ് നൽകുന്ന പോക്കറ്റുമണിയും ട്യൂഷൻ ഫീസായി നൽകിയ തുക ട്യൂഷന് പോകാതെയും പുസ്തകം വാങ്ങാൻ മാറ്റിവെയ്ക്കും. പ്രീഡിഗ്രി കാലത്ത് ഭക്ഷണം കഴിക്കാതെ അതിനായി നൽകുന്ന പണം മിച്ചം പിടിച്ചാണ് പുസ്തകം വാങ്ങിയിരുന്നത്. കച്ചേരിക്കടവിലെ അമ്മ വീട്ടിൽ വരുത്തിയിരുന്ന മാതൃഭൂമി ആഴ്ചപ്പതിപ്പ് വായിച്ചാണ് ഗൗരവ വായനയിലേക്ക് തിരിഞ്ഞത്. അന്ന് പുസ്തകവില്പനശാലകൾ ഇല്ലാത്തതിനാൽ മാതൃഭൂമി ബുക്സിൽ പണമടച്ചാണ് പുസ്തകമെത്തിച്ചത്

Post a Comment

2 Comments