കുട്ടികളോടൊപ്പം വിദ്യാലയങ്ങളും സ്മാര്‍ട്ടാകണമെന്ന പൊതുകാഴ്ചപ്പാടിനെ ഏറ്റെടുത്തു കൊണ്ട് അമ്പലവയല്‍ പഞ്ചായത്ത്

 


അമ്പലവയല്‍: കുട്ടികളോടൊപ്പം വിദ്യാലയങ്ങളും സ്മാര്‍ട്ടാകണമെന്ന പൊതുകാഴ്ചപ്പാടിനെ ഏറ്റെടുത്തു കൊണ്ട് അമ്പലവയല്‍ പഞ്ചായത്ത്. വിദ്യാഭ്യാസ മേഖലയ്ക്ക് കൂടുതല്‍ ഊന്നല്‍ നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരുകയാണ് അമ്പലവയല്‍ പഞ്ചായത്തെന്ന് പട്ടികജാതി പട്ടികവര്‍ഗ പിന്നോക്ക ക്ഷേമ വകുപ്പ് മന്ത്രി ഒ ആര്‍ കേളു അഭിപ്രായപ്പെട്ടു. അമ്പലവയല്‍ ഗവ. എല്‍പി സ്‌കൂളില്‍ സ്മാര്‍ട്ട് ക്ലാസ്സ് റൂമിന്റെ പഞ്ചായത്ത് തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജില്ലയില്‍ പഞ്ചായത്തിന് കീഴിലുള്ള എല്ലാ സ്‌ക്കൂളുകളിലും സമ്പൂര്‍ണ്ണ സ്മാര്‍ട്ട് ക്ലാസ് റൂം പദ്ധതി നടപ്പിലാക്കിയ ഏക പഞ്ചായത്ത് എന്ന നിലയില്‍ അമ്പലവയല്‍ മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക്  മാതൃകയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  

വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 23 ലക്ഷം രൂപ ചെലവില്‍ എല്ലാ പ്രൈമറി  വിദ്യാലയങ്ങളിലേയും മുഴുവന്‍ ക്ലാസ്‌ റൂമുകളും സ്മാര്‍ട്ടാക്കി. ജില്ലയില്‍ മുഴുവന്‍ പ്രൈമറി വിദ്യാലയങ്ങളേയും ഡിജിറ്റലാക്കുന്ന ആദ്യത്തെ പഞ്ചായത്താണ് അമ്പലവയല്‍. പ്രീപ്രൈമറി മുതല്‍ ഏഴാം ക്ലാസ് വരെയുള്ള കുട്ടികള്‍ക്കായ്  ഇ സ്മാര്‍ട്ട് ക്ലാസ്സ് റൂമുകളാണ് ഒരുക്കിയത്. 

പഞ്ചായത്ത് പ്രസിഡന്റ് സി കെ  ഹഫ്‌സത്ത് അധ്യക്ഷത വഹിച്ചു. സ്‌കൂളില്‍ നിന്നും എല്‍ എസ് എസ്   സ്‌കോളര്‍ഷിപ്പ് നേടിയ 12 വിദ്യാര്‍ത്ഥികള്‍ക്കുള്ള സമ്മാനദാനം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സീത വിജയന്‍ നിര്‍വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ്  കെ ഷമീര്‍, സെക്രട്ടറി ആര്‍ രാജേഷ്, ജില്ലാ പഞ്ചായത്ത് അംഗം സുരേഷ് താളൂര്‍, സുല്‍ത്താന്‍ ബത്തേരി ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ അനീഷ് ബി നായര്‍,  ജെസ്സി ജോര്‍ജ്, ഷീജ ബാബു, ഗ്ലാഡിസ് സ്‌ക്കറിയ, എ എസ് വിജയ, പി കെ സത്താര്‍, വി വി രാജന്‍, ബി ജെ ഷിജിത, ഇ സുലൈമാന്‍, ബിജു മാത്യു എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments