മുംബൈ ഭീകരാക്രമണ കേസ് പ്രോസിക്യൂട്ടർ ഉജ്വൽ നിഗം, ചരിത്രകാരി ജയിന്‍, നയതന്ത്രജ്ഞന്‍ ഹര്‍ഷ് ശൃംഗ്ല; രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തവര്‍

 



ന്യൂഡല്‍ഹി: മലയാളിയായ സദാനന്ദനെകൂടാതെ മറ്റു മൂന്ന് പേരെയും കൂടി കേന്ദ്രസർക്കാർ രാജ്യസഭയിലേക്ക് നോമിനേറ്റ് ചെയ്തു.

അജ്മൽ കസബ് കേസിൽ(മുംബൈ ഭീകരാക്രമണം) സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന ഉജ്ജ്വൽ നിഗം, ചരിത്രകാരി മീനാക്ഷി ജെയിൻ, മുൻ നയതന്ത്രജ്ഞൻ ഹർഷ് ശൃംഗ്ല എന്നിവരെയാണ് കേന്ദ്രസർക്കാർ നോമിനേറ്റ് ചെയ്തത്. രാഷ്ട്രപതി നാല് പേരെയും നാമനിർദേശം ചെയ്തതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

ഹർഷ് വർധൻ ശൃംഗ്ല

ഇന്ത്യൻ വിദേശകാര്യ സർവീസിൽ (ഐഎഫ്എസ്) നിന്ന് വിരമിച്ച നയതന്ത്രജ്ഞൻ, ഇന്ത്യയുടെ വിദേശകാര്യ സെക്രട്ടറിയായും അമേരിക്കയിലെ അംബാസഡറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അതിനുമുമ്പ്, ബംഗ്ലാദേശിലെ ഇന്ത്യയുടെ ഹൈക്കമ്മീഷണറായും സേവനമനുഷ്ഠിച്ചു. ഡൽഹി യൂണിവേഴ്സിറ്റിയിലെ സെന്റ് സ്റ്റീഫൻസ് കോളജിൽ നിന്ന് ബിരുദം നേടിയ ശൃംഗ്ല, 1984 ബാച്ച് ഐഎഫ്എസ് ഓഫീസറായാണ് എത്തുന്നത്. 2023 നവംബറിൽ ഇന്ത്യ ആദ്യമായി ആതിഥേയത്വം വഹിച്ച ജി-20 ഉച്ചകോടിയുടെ കോർഡിനേറ്ററുടെ ചുമതലയും അദ്ദേഹത്തിന് ലഭിച്ചു.

ഉജ്ജ്വൽ നിഗം

പ്രശസ്തനായ അഭിഭാഷകൻ. നിരവധി കേസുകളിൽ മഹാരാഷ്ട്രയെ പ്രതിനിധീകരിച്ചിട്ടുണ്ട്, അതിൽ ഏറ്റവും ശ്രദ്ധേയമായത് 26/11 മുംബൈ ഭീകരാക്രമണ കേസിലെയും 1991 ലെ ബോംബെ ബോംബ് സ്ഫോടന കേസിലെയും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറായായിരുന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മഹാരാഷ്ട്രയിലെ മുംബൈ നോർത്ത് സീറ്റിൽ നിന്നും ബിജെപി അദ്ദേഹത്തെ മത്സരിപ്പിച്ചെങ്കിലും തോറ്റു. സിറ്റിങ് എം.പി പൂനം മഹാജന് സീറ്റ് നിഷേധിച്ചാണ് ഉജ്ജ്വൽ നികമിനെ സ്ഥാനാർഥിയാക്കിയത്. അന്തരിച്ച ബി.ജെ.പി നേതാവ് പ്രമോദ് മഹാജന്റെ മകളായിരുന്നു പൂനം.

ഡോ. മീനാക്ഷി ജെയിൻ

പ്രശസ്ത ചരിത്രകാരിയായ മീനാക്ഷി ജെയിൻ, ഡൽഹി സർവകലാശാലയിലെ ഗാർഗി കോളജിൽ ചരിത്രത്തിന്റെ അസോസിയേറ്റ് പ്രൊഫസറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. നെഹ്‌റു മെമ്മോറിയൽ മ്യൂസിയം ആൻഡ് ലൈബ്രറിയുടെ ഫെലോ ആയി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യൻ കൗൺസിൽ ഓഫ് ഹിസ്റ്റോറിക്കൽ റിസർച്ചിന്റെ ഗവേണിങ് കൗൺസിൽ അംഗമായിരുന്നു.

Post a Comment

0 Comments