തിരുവനന്തപുരം: കേരളത്തിലെ ജയിലുകൾ തടവുകാരെക്കൊണ്ട് നിറഞ്ഞ് കവിയുകയാണെന്ന് റിപ്പോർട്ട്. അംഗീകൃത പാർപ്പിട ശേഷിയെക്കാൾ ആയിരക്കണക്കിന് അധികം തടവുകാരാണ് നിലവിൽ സംസ്ഥാനത്തെ ജയിലുകളിൽ കഴിയുന്നത്. ഇത് ജയിൽ ജീവനക്കാർക്ക് കടുത്ത ജോലി ഭാരവും സുരക്ഷാ വെല്ലുവിളികളും ഉയർത്തുന്നതാണ്.
സംസ്ഥാനത്തെ ജയിലുകളുടെ ആകെ അംഗീകൃത പാർപ്പിട ശേഷി 7367 ആണെന്നിരിക്കെ, നിലവിൽ 10375 തടവുകാരാണുള്ളത്. ഇത് ശേഷിയേക്കാൾ 3000 ത്തിലധികം തടവുകാർ കൂടുതലാണ്. പ്രദേശികമായ കണക്കുകൾ പരിശോധിച്ചാൽ സ്ഥിതി വളരെ രൂക്ഷമാണ്.തെക്കൻ കേരളത്തിൽ അംഗീകൃത ശേഷി 1693 ആയിരിക്കുമ്പോൾ, 3250 തടവുകാരാണ് നിലവിലുള്ളത്. ഇത് ഇരട്ടിയോളം വരും. മധ്യ മേഖലയിൽ അംഗീകൃത ശേഷി 2346 ആയിരിക്കുമ്പോൾ, 3249 തടവുകാരാണ് നിലവിൽ ജയിലുകളിൽ കഴിയുന്നത്. ഉത്തര മേഖലയിൽ അംഗീകൃത ശേഷി 2689 ആയിരിക്കുമ്പോൾ, 3358 തടവുകാർ കഴിയുന്നു.
തടവുകാരുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുമ്പോൾ, ജയിൽ ജീവനക്കാരുടെ എണ്ണത്തിൽ വലിയ കുറവാണ് നേരിടുന്നത്. ജയിലുകളിലെ ഗാർഡിങ് ചുമതലകൾക്ക് മാത്രമായി ഏകദേശം 5000 ജീവനക്കാർ വേണ്ട സ്ഥാനത്ത്, നിലവിൽ 1731 ജീവനക്കാർ മാത്രമാണ് ഈ ചുമതലയിലുള്ളത്. 10375 തടവുകാരുടെ സുരക്ഷ ഉറപ്പാക്കാൻ ഒരു ദിവസം കുറഞ്ഞത് 5187 അസിസ്റ്റന്റ് പ്രിസൺ ഓഫീസർമാരെയാണ് ആവശ്യമുള്ളത്. എന്നാൽ സംസ്ഥാന ജയിൽ വകുപ്പിൽ ആകെ 1284 അസിസ്റ്റന്റ് പ്രിസൺ ഓഫീസർ തസ്തികകൾ മാത്രമാണുള്ളത്. ഇത് ജീവനക്കാർക്ക് അമിത ജോലി ഭാരവും മാനസിക സമ്മർദ്ദവും സൃഷ്ടിക്കുന്നു. ജീവനക്കാരുടെ എണ്ണത്തിലെ ഈ കുറവ് ജയിലുകളുടെ സുഗമമായ പ്രവർത്തനത്തെയും തടവുകാരുടെ സുരക്ഷയെയും പ്രതികൂലമായി ബാധിക്കുന്ന ഗുരുതരമായ സാഹചര്യമാണ് കേരളത്തിൽ നിലവിലുള്ളത്. ഈ വിഷയത്തിൽ അടിയന്തിര ഇടപെടൽ ആവശ്യമാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
0 Comments