'തുറന്നുപറച്ചിലിലെ എല്ലാ കാര്യങ്ങളും ശരിയല്ല'; ഡോ. ഹാരിസ് ചിറക്കലിനെതിരെ വിദഗ്ധ സമിതിയുടെ റിപ്പോർട്ട്

 



തിരുവനന്തപുരം:ഉപകരണമില്ലാതെ ശസ്ത്രക്രിയ മുടങ്ങിയെന്ന് വെളിപ്പെടുത്തൽ നടത്തിയ ഡോ. ഹാരിസ് ചിറക്കലിന്റെ നടപടി സർവീസ് ചട്ട ലംഘനമെന്ന് വിദഗ്ധ സമിതിയുടെ റിപ്പോർട്ട്. തുറന്നുപറച്ചിലിലെ എല്ലാ കാര്യങ്ങളും ശരിയല്ല,മരുന്നും ഉപകരണങ്ങളും വാങ്ങുന്ന പ്രക്രിയ ലഘൂകരിക്കണം, പ്രിൻസിപ്പൽ, സൂപ്രണ്ട് അടക്കമുള്ളവർക്ക് കൂടുതൽ സാമ്പത്തിക അധികാരം നൽകണം തുടങ്ങിയ കാര്യങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്.

അതേസമയം, ഡോ.ഹാരിസിനെതിരെ കർശന നടപടി വേണ്ടെന്നും റിപ്പോർട്ടിലുണ്ട്. മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്ക് മുമ്പാകെ സമർപ്പിച്ച റിപ്പോർട്ട് ഇന്ന് ആരോഗ്യമന്ത്രിക്ക് കൈമാറും.

ആലപ്പുഴ, കോട്ടയം മെഡിക്കൽ കോളേജിൽ നിന്നുള്ള ഡോക്ടർമാരുടെ സംഘമാണ് അന്വേഷണം നടത്തിയത്.വിവിധ വകുപ്പ് മേധാവികൾ ഉപകരണങ്ങളുടെ ക്ഷാമം നേരിടുന്നുണ്ടെന്ന് വിദഗ്ധസമിതിക്ക് മുമ്പാകെ തുറന്നു പറഞ്ഞിരുന്നു. ആശുപത്രി വികസന സമിതിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വകുപ്പ് മേധാവികൾ വ്യക്തമാക്കി. വകുപ്പ് മേധാവികൾക്ക് മുകളിലുള്ള ഉദ്യോഗസ്ഥരുടെ ഇടപെടൽ സംബന്ധിച്ചുള്ള കാര്യങ്ങളിലും മാറ്റം വേണമെന്ന ആവശ്യം ഉയർന്നിട്ടുണ്ട്.

സമൂഹമാധ്യമങ്ങളിലൂടെ തുറന്നുപറച്ചിൽ നടത്തിയ ഡോക്ടർ ഹാരിസിനെതിരെ നടപടി സ്വീകരിക്കണമെന്ന ആവശ്യം വിദഗ്ധസമിതിക്ക് മുമ്പാകെ ഉയർന്നെങ്കിലും, കടുത്ത നടപടികളിലേക്ക് ആരോഗ്യവകുപ്പ് കടന്നേക്കില്ല. അതേസമയം ,താൻ ഉന്നയിച്ച ആരോപണങ്ങളിൽ അടക്കം ഇപ്പോഴും ഉറച്ചുനിൽക്കുകയാണ് ഡോക്ടർ ഹാരിസ്.

കഴിഞ്ഞദിവസം രാവിലെയോടെ ഉപകരണങ്ങൾ മെഡിക്കൽ കോളജിൽ എത്തിച്ച് മുടങ്ങിയ ശസ്ത്രക്രിയകൾ പുനരാരംഭിച്ചിരുന്നു. മറ്റ് വകുപ്പുകളിലും ആവശ്യമായ ഉപകരണങ്ങളുടെ ലിസ്റ്റ് സംബന്ധിച്ച കണക്കെടുക്കാനുള്ള നിർദേശവും നൽകിയിട്ടുണ്ട്. നിലവിൽ ഉന്നയിച്ച കാര്യങ്ങൾക്കപ്പുറം മറ്റ് പ്രതികരണങ്ങളിലേക്ക് കടക്കാൻ ഇല്ല എന്നാണ് ഡോക്ടർ ഹാരിസിന്റെ നിലപാട്

Post a Comment

0 Comments