വാഷിങ്ടണ്‍: നൂറിലധികം പേരുടെ മരണത്തിനിടയാക്കിയ ടെക്സാസിലെ വെള്ളപ്പൊക്കത്തിന് പിന്നാലെ യുഎസ് സംസ്ഥാനമായ ന്യൂ മെക്സിക്കോയിലും മിന്നല്‍പ്രളയം.
ന്യൂ മെക്സിക്കോയിലെ റുയിഡോസോയിലാണ് വെള്ളപ്പൊക്കം. ഇവിടെയുണ്ടായ വെള്ളപ്പൊക്കത്തിന്റെ തീവ്രതയിൽ ഒരു വീട് മുഴുവൻ ഒലിച്ചുപോവുന്നതിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ആളപായമുണ്ടോ എന്ന് പറയുന്നില്ല. ഇവിടെ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. വീടുകളിലും കാറുകളിലും കുടുങ്ങിക്കിടക്കുന്നവരെയടക്കം സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്.
മിനിറ്റുകൾക്കുള്ളിൽ, റിയോ റുയിഡോസോ നദിയിലെ ജലനിരപ്പ് 20.24 അടി (6.1 മീറ്റർ) ആയി ഉയർന്നു.
അതേസമയം അപകടങ്ങളൊഴിവാക്കുന്നതിന്റെ ഭാഗമായി ഉയര്‍ന്ന സ്ഥലങ്ങളിലേക്ക് മാറി നില്‍ക്കാന്‍ ജനങ്ങളോട് ന്യൂ മെക്‌സിക്കോ സെനറ്റര്‍ മാര്‍ട്ടിന്‍ ഹെയ്ന്റിച്ച് അറിയിച്ചിട്ടുണ്ട്. അപകടകരമായ സാഹചര്യമാണുള്ളതെന്ന് അല്‍ബുക്കര്‍ക്കിലെ ദേശീയ കാലാവസ്ഥാ സര്‍വീസ് (എന്‍ഡബ്ല്യുഎസ്) മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വൈദ്യുത പ്രവാഹമുള്ളത് കൊണ്ട് പ്രളയജലത്തിലൂടെ വാഹനമോടിക്കരുതെന്നും എന്‍ഡബ്ല്യുഎസ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
അതേസമയം, അയൽസംസ്ഥാനമായ ടെക്സാസിലുണ്ടായ വെള്ളപ്പൊക്കത്തില്‍ ഏകദേശം 160 പേരെ കാണാതായിട്ടുണ്ടെന്നും, ആരെക്കുറിച്ചും വിവരമില്ലെന്നുമാണ് സംസ്ഥാന ഗവർണര്‍ വ്യക്തമാക്കുന്നത്.
0 Comments