ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖലാ കേസ്: പ്രതികള്‍ക്കായുള്ള കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും




കൊച്ചി: ഡാര്‍ക്ക് നെറ്റ് മയക്കുമരുന്ന് ശൃംഖലയായ കെറ്റാമലോണ്‍ കേസില്‍ എഡിസണേയും സുഹൃത്തുക്കളും സഹായികളുമായ അരുണ്‍ തോമസ്, കെ.വി.ഡിയോള്‍, ഭാര്യ അഞ്ജു ഡേവിസ് എന്നിവര്‍ക്കായി എന്‍ സി ബി നല്‍കിയ കസ്റ്റഡി അപേക്ഷ കോടതി ഇന്ന് പരിഗണിക്കും.

കഴിഞ്ഞദിവസം പരിഗണിക്കാനിരുന്ന കസ്റ്റഡി അപേക്ഷ സുരക്ഷാ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് ഇന്നത്തേക്ക് മാറ്റിയത്. എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കസ്റ്റഡി അപേക്ഷ പരിഗണിക്കുക. കസ്റ്റഡിയില്‍ ലഭിച്ചശേഷം ആദ്യം എഡിസനെയും പിന്നീട് മുഴുവന്‍ പ്രതികളെയും ഒരുമിച്ചിരുത്തിയും ചോദ്യം ചെയ്യും.

വ്യത്യസ്ത കേസുകളില്‍ ആണ് പ്രതികളെ പിടികൂടിയതെങ്കിലും പാഞ്ചാലിമേട്ടിലെ റിസോര്‍ട്ട് കേന്ദ്രീകരിച്ച് ലഹരി ഇടപാടുകള്‍ പ്രതികള്‍ നടത്തിയിട്ടുണ്ടെന്നാണ് എന്‍സിബി കണ്ടെത്തല്‍. ഡിയോളിന്റെ റിസോര്‍ട്ടില്‍ എഡിസത്തിന് പങ്കാളിത്തം ഉണ്ടെന്നും എന്‍സിബി കണ്ടെത്തിയിട്ടുണ്ട്.

നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ സാധാരണ പിടികൂടുന്നതിനെക്കാള്‍ പത്തിരട്ടി ലഹരിയാണ് എഡിസണ്‍ കൈകാര്യം ചെയ്തത്. വിശദമായ ചോദ്യം ചെയ്യലിലൂടെ കോടിക്കണക്കിന് രൂപയുടെ ഡാര്‍ക്ക്‌നെറ്റ് മയക്കുമരുന്ന് ശൃംഖലയുടെ വിവരങ്ങളാകും പുറത്തുവരിക. എഡിസണ്‍ ബാബു, അരുണ്‍ തോമസ്, ഡിയോള്‍ എന്നിവര്‍ സഹപാഠികളാണ്. മൂവാറ്റുപുഴയിലെ സ്വകാര്യ എന്‍ജിനിയറിങ് കോളേജിലാണ് മൂന്നുപേരും പഠിച്ചത്. അതുകൊണ്ടുതന്നെ കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമുള്ള ഇവരുടെ അടുത്ത സുഹൃത്തുക്കളും നിരന്തരമായി ബന്ധപ്പെടുന്നവരും നിലവില്‍ എന്‍സിബിയുടെ അന്വേഷണ പിരിധിയിലാണ്.

Post a Comment

0 Comments