തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ യൂറോളജി വിഭാഗം മേധാവി ഹാരിസ് ചിറക്കലിന്റെ വെളിപ്പെടുത്തലില്‍ നാലംഗ വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ക്കാണ് (ഡിഎംഇ) വിദഗ്ധ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് ഡിഎംഇ ഇന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജിന് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും തുടര്‍നടപടികള്‍.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ദുരവസ്ഥ വെളിപ്പെടുത്തി ഡോ ഹാരിസ് ചിറക്കല്‍ രംഗത്തെത്തിയത് വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഹാരിസ് ചിറക്കല്‍ ഉന്നയിച്ച ആരോപണങ്ങളില്‍ സമഗ്ര അന്വേഷണത്തിന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ വിശദമായ അന്വേഷണത്തിന് നാലംഗ സമിതിയെ നിയോഗിക്കുകയായിരുന്നു. ആലപ്പുഴ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ബി പത്മകുമാറായിരുന്നു അന്വേഷണത്തിന് നേതൃത്വം നല്‍കിയത്. കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ട് ടി കെ ജയകുമാര്‍, ഡോ. എസ് ഗോമതി, ഡോ. എ രാജീവന്‍ എന്നിവരായിരുന്നു അന്വേഷണ സമിതിയിലെ മറ്റ് അംഗങ്ങള്‍. വിഷയത്തില്‍ വിശദമായി അന്വേഷണം നടത്തി അടിയന്തര റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നത്
0 Comments