'കീമില്‍ സര്‍ക്കാരിന്റെ നയമല്ല, നടപ്പാക്കിയ രീതിയാണ് പ്രശ്‌നം': സുപ്രീംകോടതി

 



ന്യൂഡല്‍ഹി: കീമില്‍ സര്‍ക്കാരിന്റെ നയമല്ല, നടപ്പാക്കിയ രീതിയാണ് പ്രശ്‌നമെന്ന് സുപ്രീംകോടതി. സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കുമോ എന്ന് പരിശോധിച്ചതിനുശേഷം തീരുമാനമെടുക്കാമെന്നും ജസ്റ്റിസ് ബി.എസ് നരസിംഹ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. പ്രോസ്‌പെക്ടസ് പ്രഖ്യാപിച്ചാല്‍ അത് പാലിക്കേണ്ടേ എന്ന് വിദ്യാര്‍ഥികളുടെ വാദത്തിനിടെ സുപ്രീം കോടതി ചോദ്യമുയര്‍ത്തുകയും ചെയ്തു.

കീം റാങ്ക് ലിസ്റ്റ് റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായുള്ള ഹരജി സുപ്രിംകോടതി നാളെ പരിഗണിക്കും. വലിയ പ്രതിസന്ധി നേരിടുന്നുവെന്നും കീമില്‍ കാലങ്ങളായി തുടരുന്ന അനീതിയില്‍ മാറ്റം കൊണ്ടുവരണമെന്നും കേരള സിലബസിലെ വിദ്യാര്‍ത്ഥികള്‍ വാദിച്ചു. പ്രവേശന നടപടികളെ ബാധിക്കുന്ന തീരുമാനമെടുക്കില്ല എന്നും കോടതി വ്യക്തമാക്കി.

കീം പ്രവേശനത്തിനുള്ള റാങ്ക് പട്ടിക റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരായാണ് സുപ്രീംകോടതിയില്‍ ഹര്‍ജിയെത്തിയത്. കേരള സിലബസ് വിദ്യാര്‍ഥികള്‍ നല്‍കിയ ഹര്‍ജിയും സിബിഎസ്ഇ വിദ്യാര്‍ഥികള്‍ നല്‍കിയ തടസ ഹര്‍ജിയുമാണ് പി.എസ്.നരസിംഹ, എ.എസ്.ചന്ദൂര്‍ക്കര്‍ എന്നിവരുടെ ബെഞ്ച് പരിഗണിച്ചത്.

എന്നാല്‍ , കീം ഹര്‍ജിയില്‍ സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ് അയച്ചിട്ടില്ല. പ്രവേശന പരീക്ഷകളെ ബാധിക്കുന്ന തരത്തില്‍ നിലപാടെടുക്കാതിരുന്ന കോടതി കേരളത്തിന്റെ നിലപാട് സ്റ്റാന്‍ഡിംഗ് കൗണ്‍സലിനോട് ചോദിച്ചു. തുടര്‍ന്നന്നാണ് കേസ് പരിഗണിക്കുന്നത് നാളത്തേക്ക് മാറ്റിയത്.

Post a Comment

0 Comments