തുടര്‍ച്ചയായ രണ്ടാം ദിവസവും ചുഴലിക്കാറ്റ്; മരങ്ങള്‍ കടപുഴകി വൈദ്യുതി ലൈനുകൾ തകര്‍ന്നു, നാദാപുരത്ത് വൻനാശനഷ്ടം

 


കോഴിക്കോട്: തുടര്‍ച്ചയായി രണ്ടാം ദിവസവും വീശിയടിച്ച ശക്തമായ കാറ്റില്‍ കോഴിക്കോട് നാദാപുരത്ത് വന്‍നാശനഷ്ടം. മരങ്ങള്‍ കടപുഴകി വീണും വൈദ്യുതി ലൈനുകള്‍ തകര്‍ന്നുമാണ് ഏറെ നാശനഷ്ടങ്ങളുണ്ടായത്. ഇന്ന് പുലര്‍ച്ചെ ഒന്നോടെയായിരുന്നു ചുഴലിക്കാറ്റിന് സമാനമായി ശക്തമായ കാറ്റ് വീശിയടിച്ചത്.

നാദാപുരം ടൗണിനോട് ചേര്‍ന്ന് സംസ്ഥാന പാതയിലേക്ക് മരം കടപുഴകി വീണു. ന്യൂക്ലിയസ് ഹോസ്പിറ്റല്‍ പരിസരത്തായിരുന്നു സംഭവം. ഈ സമയത്ത് റോഡിലൂടെ വാഹനങ്ങള്‍ കടന്നുപോകാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. നാദാപുരം ആവോലം ചീറോത്ത് മുക്കില്‍ വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടമുണ്ടായി.

വൈദ്യുതി ലൈന്‍ പൊട്ടിവീണ് വൈദ്യുതി ബന്ധം തകരാറിലായി. കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റിന് സമാനമായ കാറ്റില്‍ നിരവധി വീടുകള്‍ക്ക് കേടുപാട് സംഭവിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇന്നും നാശനഷ്ടങ്ങളുണ്ടായത്. തുടര്‍ച്ചയായി ശക്തമായ കാറ്റ് അനുഭവപ്പെടുന്നതിനാല്‍ നാട്ടുകാര്‍ ഭീതിയിലാണ് കഴിയുന്നത്.


Post a Comment

0 Comments