'34 ചാവേറുകൾ പൊട്ടിത്തെറിക്കാൻ തയ്യാർ': മുംബൈയിൽ ബോംബ് ഭീഷണി, ജാഗ്രതാ നിർദേശം




 മുംബൈ: മുംബൈയില്‍ ബോംബ് സ്ഫോടനമുണ്ടാകുമെന്ന ഭീഷണി സന്ദേശത്തിന് പിന്നാലെ നഗരത്തില്‍ അതീവ ജാഗ്രത.

34 ചാവേറുകൾ മനുഷ്യ ബോംബുകളായി നഗരത്തിൽ സജ്ജമാണെന്നും ഒരു കോടി ആളുകളെ കൊല്ലുമെന്നുമായിരുന്നു ഭീഷണി. ട്രാഫിക് പൊലീസിന്റെ കൺട്രോൾ റൂമിലെ വാട്ട്‌സ്ആപ്പ് ഹെൽപ്പ് ലൈനിലാണ് ഇന്നലെ ഭീഷണി സന്ദേശം ലഭിച്ചത്. പിന്നാലെ നഗരത്തില്‍ സുരക്ഷ ശക്തമാക്കി. 'ലഷ്കർ-ഇ-ജിഹാദി' എന്ന പേരിലാണ് ഭീഷണി സന്ദേശം.

14 പാകിസ്താന്‍ ഭീകരർ ഇന്ത്യയിലേക്ക് കടന്നിട്ടുണ്ടെന്നും ഒരു കോടി ആളുകളെ കൊല്ലാൻ കഴിയുന്ന തരത്തില്‍ ഏകദേശം 400 കിലോഗ്രാം ആർ‌ഡി‌എക്സ് ഉപയോഗിക്കുമെന്നും ഭീഷണി സന്ദേശത്തില്‍ പറയുന്നു. അതേസമയം ഭീഷണി സന്ദേശം അയച്ചതിന് പിന്നില്‍ ആരാണ് എന്നതിനെക്കുറിച്ച് അന്വേഷിക്കുന്നുണ്ടെന്നും ഭീകരവിരുദ്ധ സ്ക്വാഡിനെ (എടിഎസ്) വിവരം അറിയിച്ചിട്ടുണ്ടെന്നും ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞതായി എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്യുന്നു.

കഴിഞ്ഞ ദിവസം മഹാരാഷ്ട്രയിലെ താനെ ജില്ലയിലെ ഒരു റെയിൽവേ സ്റ്റേഷൻ തകർക്കുമെന്ന് ബോംബ് ഭീഷണി ഉണ്ടായിരുന്നു. വ്യാജമാണിതെന്ന് പിന്നട് കണ്ടെത്തി. സംഭവത്തിൽ ഒരാളെ തിങ്കളാഴ്ച പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. രൂപേഷ് മധുകർ രൺപിസെ എന്നയാളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മദ്യലഹയിലായിരുന്നു ഇയാളെന്നാണ് റെയില്‍വെ പൊലീസ് പറയുന്നത്. ഛത്രപതി ശിവാജി മഹാരാജ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ സ്ഫോടനം ഉണ്ടാകുമെന്ന് മുംബൈ പൊലീസിന് ബോംബ് ഭീഷണി കോൾ ലഭിച്ചത് കഴിഞ്ഞ ജൂലൈയിലായിരുന്നു.

Post a Comment

0 Comments