പൂഴിത്തോട് റോഡ്: സാധ്യമായ ഇടപെടല്‍ നടത്തുമെന്ന് പ്രിയങ്ക ഗാന്ധി

 

വയനാടിനെ കോഴിക്കോട് ജില്ലയുമായി ചുരമില്ലാതെ ബന്ധിപ്പിക്കുന്നതിനായി നിർദേശിച്ചിരിക്കുന്ന പടിഞ്ഞാറത്തറ–പൂഴിത്തോട് ബദൽ റോഡിന്റെ പുരോഗതി വിലയിരുത്തി പ്രിയങ്ക ഗാന്ധി എംപി സന്ദർശനം നടത്തി. കുറ്റ്യാംവയൽ മുതൽ താണ്ടിയോട് വരെയുള്ള മൂന്ന് കിലോമീറ്റർ ദൂരം ഇന്നലെ രാവിലെ 11.30 ഓടെ എംപി വാഹനത്തിൽ സഞ്ചരിച്ചു. ടി. സിദ്ദിഖ് എംഎൽഎ, ജില്ലാ കളക്ടർ ഡി.ആർ. മേഘശ്രീ, സൗത്ത് വയനാട് ഡിഎഫ്‌ഒ അജിത് കെ. രാമൻ, കൂടാതെ കർമ്മസമിതി ഭാരവാഹികളായ ശകുന്തള ഷൺമുഖൻ, ഒ.ജെ. ജോൺസൺ, സാജൻ തുണ്ടിയിൽ, ബെന്നി മാണിക്കോത്ത് എന്നിവർ സന്ദർശനത്തിൽ പങ്കെടുത്തു.പൂഴിത്തോട് ബദൽ റോഡ് നിർമാണം അതിവേഗം പൂർത്തിയാക്കേണ്ടതിന്റെ ആവശ്യകതയും കോഴിക്കോട്–പുറക്കാട്ടിരി–മാണന്തവാടി–കുട്ട–മൈസൂരു ഗ്രീൻഫീൽഡ് ഹൈവേ പദ്ധതിയുടെ സാധ്യതകളും എംഎൽഎയും കർമ്മസമിതി ഭാരവാഹികളും എംപിയെ ബോധിപ്പിച്ചു.നേരത്തെ താന്നിപ്പാറ, വട്ടം, താണ്ടിയോട്, കരിങ്കണി എസ്റ്റേറ്റുകളിലൂടെ ഉണ്ടായിരുന്ന പാതയെ റിസർവ് വനമേഖലയായി രേഖപ്പെടുത്തിയതാണ് പദ്ധതി തടസ്സപ്പെട്ടതിന് കാരണമെന്ന് കർമ്മസമിതി ചൂണ്ടിക്കാട്ടി.മടക്കയാത്രയിൽ കുറ്റ്യാംവയൽ പള്ളിക്കടുത്ത് കർമ്മസമിതിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോഗത്തിലും എംപി പങ്കെടുത്തു. ബദൽ റോഡ് യാഥാർത്ഥ്യമാക്കുന്നതിന് ആവശ്യമായ ഇടപെടലുകൾ നടത്തുമെന്നും അവർ പ്രദേശവാസികൾക്ക് ഉറപ്പുനൽകി.


Post a Comment

0 Comments