ജയ്പൂർ: കഫ് സിറപ്പ് കഴിച്ച് അഞ്ച് വയസ്സിൽ താഴെയുള്ള കുട്ടികൾ മരിച്ച സംഭവത്തിൽ രാജസ്ഥാൻ സർക്കാർ നടപടി കടുപ്പിച്ചു. മരണത്തിന് കാരണമായ മരുന്നുകൾ നിർമ്മിച്ച കെയ്‌സൺ ഫാർമയുടെ 19 മരുന്നുകൾ സംസ്ഥാനത്ത് നിരോധിച്ചു. ഇതിന് പുറമെ ഡ്രഗ് കൺട്രോളർ രാജാറാം ശർമയെ സസ്പെൻഡ് ചെയ്യുകയും ചെയ്തു.
രാജസ്ഥാനിലും മധ്യപ്രദേശിലുമായി സൗജന്യമായി ലഭിച്ച കഫ് സിറപ്പ് കഴിച്ച് 11 കുട്ടികളാണ് മരിച്ചത്. നിരവധി കുട്ടികൾ ചികിത്സയിലായി. സംഭവത്തെ തുടർന്ന് നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി, സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷൻ എന്നിവിടങ്ങളിൽ നിന്നുള്ള വിദഗ്ധർ വിഷയത്തിൽ വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ മാർഗ്ഗനിർദ്ദേശം
11 കുട്ടികൾ മരിക്കുകയും നിരവധി പേർ ആശുപത്രിയിലാവുകയും ചെയ്ത പശ്ചാത്തലത്തിൽ, ചുമ മരുന്ന് കഴിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ആരോഗ്യ മന്ത്രാലയം പുതിയ മാർഗ്ഗനിർദ്ദേശം പുറത്തിറക്കിയിരുന്നു. ചുമയ്ക്കും ജലദോഷത്തിനുമുള്ള മരുന്ന് 2 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് നൽകരുത്. 5 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് ഇത്തരം മരുന്നുകൾ സാധാരണയായി നിർദ്ദേശിക്കാറില്ല. മരുന്നുകൾ ഡോക്ടറുടെ നിർദ്ദേശത്താലും നിരീക്ഷണത്തിലും മാത്രമേ ഉപയോഗിക്കാവൂ എന്നും മാർഗ്ഗനിർദ്ദേശത്തിൽ പറയുന്നു.
0 Comments