തിരുവനന്തപുരം: കേരളത്തിൽ അഞ്ച് പുതിയ ദേശീയപാതകൾ കൂടി ഉടൻ യാഥാർത്ഥ്യമാകുമെന്ന് പൊതുമരാമത്ത് മന്ത്രി പി. എ. മുഹമ്മദ് റിയാസ് അറിയിച്ചു. കൂടുതൽ പാതകൾ ദേശീയപാത നിലവാരത്തിലേക്ക് ഉയർത്തണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം അംഗീകരിച്ചതിനെ തുടർന്നാണ് നടപടി.
മുഖ്യമന്ത്രി പിണറായി വിജയനൊപ്പം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയെ ഡൽഹിയിൽ സന്ദർശിച്ചപ്പോൾ ഈ ആവശ്യം ഉന്നയിക്കുകയും വിശദമായ നിർദ്ദേശം സമർപ്പിക്കുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ അഞ്ച് പുതിയ ദേശീയപാതകളുടെ പദ്ധതിരേഖ (DPR) തയ്യാറാക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുള്ളതെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി.
ദേശീയപാത നിലവാരത്തിലേക്ക് ഉയർത്താൻ തീരുമാനിച്ച പ്രധാന പാതകൾ ഇവയാണ്. രാമനാട്ടുകര – കോഴിക്കോട് എയർപോർട്ട് റോഡ് മലബാറിലെ ജനങ്ങളുടെ ദീർഘകാല ആവശ്യമായിരുന്നു ഇത്. കണ്ണൂർ വിമാനത്താവള റോഡ് (ചൊവ്വ – മട്ടന്നൂർ), കൊടുങ്ങല്ലൂർ – അങ്കമാലി റോഡ്, വൈപ്പിൻ – മത്സ്യഫെഡ് ടൂറിസ്റ്റ് ഓഫീസ് റോഡ്, ഇവയുടെയെല്ലാം പദ്ധതിരേഖ തയ്യാറാക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി ദേശീയപാത അതോറിറ്റി അറിയിച്ചിട്ടുണ്ട്. കൂടാതെ, കൊച്ചി – മധുര ദേശീയപാതയിൽ ഉൾപ്പെടുന്ന കോതമംഗലം, മൂവാറ്റുപുഴ ബൈപാസുകളുടെ നിർമ്മാണത്തിനുള്ള പദ്ധതിരേഖയും നിലവിൽ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.
ഈ വികസനം ജനങ്ങളുടെ ദീർഘകാലത്തെ സ്വപ്നമാണ് യാഥാർത്ഥ്യമാക്കുന്നതെന്നും, ഇതിന് എല്ലാ സഹായവും നൽകിയ കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയോടും മുഖ്യമന്ത്രി പിണറായി വിജയനോടും പൊതുമരാമത്ത് വകുപ്പിന്റെ നന്ദി അറിയിക്കുന്നതായും മന്ത്രി റിയാസ് കൂട്ടിച്ചേർത്തു.
0 Comments