കണ്ണൂര്‍:വയോജനങ്ങളുടെ സംരക്ഷണം, ക്ഷേമം ഉറപ്പാക്കുന്നതിന് സംസ്ഥാന വയോജന കമ്മീഷന്റെ കണ്ണൂര്‍ ജില്ലയിലെ ആദ്യ സിറ്റിംഗ് കമ്മീഷന്‍ ചെയര്‍മാന്‍ കെ.സോമപ്രസാദിന്റെ അധ്യക്ഷതയില്‍ കലക്ടറേറ്റ് ഓഡിറ്റോറിയത്തില്‍ നടന്നു. വയോജന സംരക്ഷണത്തിനുള്ള അഭിപ്രായങ്ങള്‍ പൂര്‍ണ്ണഗൗരവത്തില്‍ പരിഗണിക്കുമെന്ന് ചെയര്‍മാന്‍ പറഞ്ഞു. വയോജനങ്ങളുടെ അവകാശ സംരക്ഷണവുമായി ബന്ധപ്പെട്ട് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനും വയോജനങ്ങളുടെ പുനരധിവാസത്തിനുള്ള സഹായങ്ങള്‍ ലഭ്യമാക്കുന്നതിനുമാണ് കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. വയോജന ക്ഷേമത്തിനായുള്ള പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കുന്നതിനും കമ്മീഷന്‍ ഇടപെടുന്നതിലൂടെ സാധ്യമാവുമെന്നും ചെയര്‍മാന്‍ വ്യക്തമാക്കി.
ജില്ലയില്‍ വയോജന കേന്ദ്രം നിര്‍മ്മിച്ച് താമസ സൗകര്യമുള്‍പ്പടെയുള്ള ഹെറിറ്റേജാക്കി മാറ്റണമെന്ന് ഉള്‍പ്പെടെയുള്ള നിര്‍ദ്ദേശങ്ങള്‍ വയോജന സേവന രംഗത്തെ പ്രതിനിധികള്‍ കമ്മീഷന്റെ മുമ്പാകെ അവതരിപ്പിച്ചു. വയോമിത്രം പദ്ധതി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കും വ്യാപിപ്പിച്ച് ആവിശ്യമായ ഡോക്ടര്‍, നേഴ്‌സ് എന്നിവരെ നിയമിച്ച് ഫലപ്രദമായി നടപ്പാക്കണം, സര്‍ക്കാര്‍ ആശുപത്രികളിലും മറ്റും വയോജനങ്ങള്‍ക്ക് പ്രത്യേക വാര്‍ഡ് ഉള്‍പ്പെടെ സൗകര്യങ്ങള്‍ ഒരുക്കണം, പാലിയേറ്റിവ് കേന്ദ്രങ്ങളിലെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കണം, കെ എസ് ആര്‍ ടി സി, പ്രൈവറ്റ് ബസുകളില്‍ വയോജനങ്ങള്‍ക്ക് 20 ശതമാനം സീറ്റ് സംവരണം അനുവദിക്കണം, ജില്ലാ അടിസ്ഥാനത്തില്‍ വയോജനങ്ങളുടെ വിവരശേഖരണം നടത്തി ഡാറ്റാ ബേസ് ഉണ്ടാകണം, വയോജനങ്ങള്‍ക്കായുള്ള വാതില്‍പടി സേവനങ്ങള്‍ കൂടുതല്‍ ഊര്‍ജിതമാക്കണം, ബന്ധുമിത്രാതികളുടെ കൂടെ താമസിക്കുന്നതിനാല്‍ നിഷേധിക്കപ്പെടുന്ന സാമൂഹ്യ പെന്‍ഷന്‍ അര്‍ഹതപെട്ടവര്‍ക്ക് നല്‍കാന്‍ സംവിധാനം ഒരുക്കണം, വയോജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം എന്ന ലക്ഷ്യത്തോടെ കൊണ്ടുവന്ന നിയമം കൂടുതല്‍ കാര്യക്ഷമമാക്കണം, പെന്‍ഷന്‍ തുക വര്‍ദ്ധിപ്പിക്കണം. ജില്ലയില്‍ കൂടുതല്‍ വയോജന വിശ്രമ കേന്ദ്രം, പകല്‍വീട് എന്നിവ വേണം. വയോജന കേന്ദ്രം, അനാഥാലയം എന്നിവടങ്ങളിലെ അന്തേവാസികള്‍ക്ക് പെന്‍ഷന്‍ ഉറപ്പാക്കണം. താലൂക്ക് തലത്തില്‍ ഗവ ഓള്‍ഡേജ് ഹോം കേരളത്തില്‍ ഉടനീളം ഉണ്ടാകണം. വീടുകളില്‍ കഴിയുന്ന വയോജനങ്ങളുടെ വിവരങ്ങള്‍ അന്വേഷിക്കാന്‍ വാര്‍ഡ് തലത്തില്‍ കര്‍മ്മസേന രൂപീകരിക്കണം. വയോജനങ്ങളായ സ്ത്രീകളുടെ അവസ്ഥകള്‍ക്ക് മുന്‍ഗണന നല്‍കണം എന്നീ നിര്‍ദ്ദേശങ്ങളും അഭിപ്രായങ്ങളും യോഗത്തില്‍ ചര്‍ച്ചയായി.
വയോജന കമ്മീഷന്റെ ലോഗോ രൂപകല്‍പ്പന ചെയ്ത കണ്ണൂര്‍ സ്വദേശി വി.പി ജ്യോതിഷ് കുമാറിനെ യോഗത്തില്‍ ആദരിച്ചു. വയോജന കമ്മീഷന്‍ അംഗങ്ങളായ അമരവിള രാമകൃഷ്ണന്‍, കെ.എന്‍.കെ നമ്പൂതിരി, കമ്മീഷന്‍ സെക്രട്ടറി അബ്ദുള്‍ മജീദ് കക്കോട്ടില്‍, ഓര്‍ഫണേജ് കണ്‍ട്രോള്‍ ബോര്‍ഡ് അംഗം സിസ്റ്റര്‍ വിനീത, ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ പി ബിജു, ജില്ലാതല വയോജന കൗണ്‍സില്‍ അംഗങ്ങള്‍, ഓള്‍ഡ് എജ് ഹോം അധികാരികള്‍, പെന്‍ഷന്‍മാരുടെ സംഘടനാ ഭാരവാഹികള്‍, വയോജന സേവന രംഗത്തെ വിദഗ്ധര്‍ എന്നിവര്‍ സംസാരിച്ചു.
.jpeg)
0 Comments