പാൻകാർഡും ആധാറും ബന്ധിപ്പിക്കല്‍: സമയപരിധി നാളെ അവസാനിക്കും; നടപടിക്രമങ്ങള്‍ ഇങ്ങനെ

 

ന്യൂഡല്‍ഹി: പാന്‍ കാര്‍ഡും ആധാറും തമ്മില്‍ ബന്ധിപ്പിക്കാനുള്ള സമയപരിധി ഡിസംബര്‍ 31-ന് അവസാനിക്കും. നാളേയ്ക്കുള്ളിൽ ബന്ധിപ്പിക്കാത്ത പക്ഷം പാന്‍ കാര്‍ഡുകള്‍ അസാധുവാകുമെന്ന് ആദായനികുതി വകുപ്പ് അറിയിച്ചു.

നിശ്ചിത സമയത്തിനകം നടപടികൾ പൂർത്തിയാക്കാത്തവർക്ക് വൻതുക പിഴയൊടുക്കേണ്ടി വരും. നിലവിൽ 1000 രൂപ പിഴയൊടുക്കിയാണ് ആധാറും പാനും ബന്ധിപ്പിക്കാൻ സാധിക്കുന്നത്.

പാന്‍ കാര്‍ഡ് അസാധുവായാല്‍ ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യാനോ, ബാങ്ക് അക്കൗണ്ട് തുടങ്ങാനോ, വലിയ തുകയുടെ സാമ്പത്തിക ഇടപാടുകള്‍ നടത്താനോ സാധിക്കില്ല. കൂടാതെ, നികുതി റീഫണ്ടുകള്‍ ലഭിക്കുന്നതിനും തടസ്സമുണ്ടാകും.

ആദായനികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.incometax.gov.in ൽ ഓൺലൈനായി അപേക്ഷിക്കാവുന്നതാണ്. വെബ്‌സൈറ്റിലെ 'ക്വിക്ക് ലിങ്ക്സ്' എന്ന വിഭാഗത്തിലെ 'ലിങ്ക് ആധാര്‍' ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

പാന്‍ നമ്പറും ആധാര്‍ നമ്പറും നല്‍കി 'വാലിഡേറ്റ്' ചെയ്യുക. ചലാൻ പേയ്‌മെന്റ് വഴി 1000 രൂപ അടച്ച് നടപടികൾ പൂർത്തിയാക്കാം. അറുപത് വയസ്സിന് മുകളിലുള്ള മുതിർന്ന പൗരന്മാർ, പ്രവാസികൾ, ഇന്ത്യക്കാരല്ലാത്തവർ എന്നിവർക്ക് പാന്‍-ആധാര്‍ ബന്ധിപ്പിക്കലിൽ നിന്ന് ഇളവുണ്ട്. അവസാന നിമിഷത്തെ തിരക്ക് ഒഴിവാക്കാൻ ഉടൻ തന്നെ ലിങ്ക് സ്റ്റാറ്റസ് പരിശോധിക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചു.

Post a Comment

0 Comments