നൊബേൽ കിട്ടാത്ത ട്രംപിന് ഇസ്രായേൽ സമാധാന പുരസ്കാരം; പ്രഖ്യാപിച്ച് നെതന്യാഹു




 ഫ്ലോറിഡ: വിവിധ രാജ്യങ്ങൾ തമ്മിലുള്ള യുദ്ധവും സംഘർഷവും അവസാനിപ്പിച്ചെന്ന് അവകാശപ്പെട്ട് സമാധാന നൊബേൽ ആവശ്യപ്പെട്ടിരുന്ന അമേരിക്കൻ പ്രസി‍ഡന്റ് ഡോണൾഡ് ട്രംപിന് ഇസ്രായേലിന്റെ പുരസ്കാരം. ഇസ്രായേൽ സമാധാന പുരസ്കാരത്തിനാണ് ട്രംപ് അർഹനായത്. ഫ്ലോറിഡയിൽ നെതന്യാഹുവുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവാണ് പുരസ്കാരം പ്രഖ്യാപിച്ചത്.

ഇസ്രായേൽ സർക്കാർ ട്രംപിന് സമാധാന പുരസ്കാരം നൽകാൻ തീരുമാനിച്ചതായി നെതന്യാഹു വ്യക്തമാക്കി. 80 വർഷത്തിനിടെ ആദ്യമായാണ് ഇസ്രായേലി പൗരനല്ലാത്ത ഒരാൾക്ക് 'ഇസ്രായേൽ പുരസ്കാരം' നൽകുന്നതെന്നും നെതന്യാഹു പറഞ്ഞു. തിങ്കളാഴ്ച ഫ്ലോറിഡയിലെ മാർ-എ-ലാഗോയിലെ ട്രംപിന്റെ വസതിയിൽ നടന്ന ഉഭയകക്ഷി ചർച്ചകൾക്ക് ശേഷം ട്രംപുമായി നടത്തിയ സംയുക്ത വാർത്താസമ്മേളനത്തിലാണ് നെതന്യാഹു പുരസ്കാര പ്രഖ്യാപനം നടത്തിയത്. ബഹുമതി അപ്രതീക്ഷിതവും ഏറെ വിലമതിക്കുന്നതുമാണെന്ന് ട്രംപ് പ്രതികരിച്ചു.

രാജ്യത്തെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയാണ് ഇസ്രായേൽ പുരസ്കാരം. പരമ്പരാഗതമായി ശാസ്ത്രം, കല, മാനവികത തുടങ്ങിയ മേഖലകളിലെ മികവിനാണ് ഭരണകൂടം ഇത് ഇസ്രായേലി പൗരന്മാർക്ക് നൽകുന്നത്. എന്നാൽ സമാധാന പുരസ്കാരം ഇതിനു മുമ്പ് ഒരിക്കലും നൽകിയിട്ടില്ല. ഇതാദ്യമായാണ് സമാധാന വിഭാഗത്തിൽ ഇസ്രായേൽ ഒരാൾക്ക് പുരസ്കാരം നൽകുന്നത്. 2025 ജൂലൈയിൽ, വിദേശിയായ ഒരാൾക്ക് ഈ ബഹുമതി നൽകാൻ ഇസ്രായേൽ പുരസ്കാര നിയമങ്ങൾ ഭേദഗതി ചെയ്യുകയും ട്രംപിനെ തെരഞ്ഞെടുക്കുകയുമായിരുന്നു

Post a Comment

0 Comments