രാജ്യത്തെ യുപിഐ വമ്പന്‍ ഓഹരി വിപണിയിലേക്ക്; ലക്ഷ്യമിടുന്നത് 12,000 കോടിയുടെ ഐപിഒ

 



യുപിഐ മേഖലയിലെ വമ്പന്‍മാരായ ഫോണ്‍പേ ഐപിഒക്ക് തയാറെടുക്കുന്നു. 12,000 കോടി സമാഹരിക്കുക ലക്ഷ്യമിട്ടുള്ള ഐപിഒക്ക് സെബിയുടെ അന്തിമ അനുമതി ലഭിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ സെപ്തംബറിലാണ് ഫോണ്‍പേ ഐപിഒ അപേക്ഷ നല്‍കിയത്. നിലവിലെ ഓഹരിയുടമകളുടെ വിഹിതം വിറ്റഴിക്കുന്ന ഓഫര്‍ ഫോര്‍ സെയിലിനാകും ഐപിഒയില്‍ കൂടുതല്‍ പ്രാധാന്യം ലഭിക്കുകയെന്ന് മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. നിലവില്‍ ഫോണ്‍പേയില്‍ നിക്ഷേപമുള്ള വാള്‍മാര്‍ട്ട്, മൈക്രോസോഫ്റ്റ്, ടൈഗര്‍ ഗ്ലോബല്‍ എന്നിവര്‍ ഓഫര്‍ ഫോര്‍ സെയിലില്‍ പ്രധാന വില്‍പ്പനക്കാരാകുമെന്നാണ് വിവരം.

ഇന്ത്യയിലെ ആകെ യുപിഐ ഇടപാടുകളുടെ 48.4 ശതമാനവും ഫോണ്‍പേക്ക് സ്വന്തമാണ്. ഓരോ ദിവസവും 31 കോടി യുപിഐ ട്രാന്‍സാക്ഷനുകള്‍ ഫോണ്‍പേയിലൂടെ നടക്കുന്നതായാണ് കണക്ക്. 59 കോടി ഉപഭോക്താക്കളുള്ള ഫോണ്‍പേയില്‍ നാല് കോടി കച്ചവടക്കാരും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. 12 ലക്ഷം കോടി രൂപയുടെ ഇടപാടുകളാണ് ഫോണ്‍പേയിലൂടെ ഓരോ മാസവും നടക്കുന്നത്. യുപിഐ സേവനത്തിനു പുറമേ ഓഹരി വിപണി ട്രേഡിങ് ആപ്പ്, ഓണ്‍ലൈന്‍ വായ്പ, ഇന്‍ഷുറന്‍സ് വില്‍പന തുടങ്ങിയ ബിസിനസുകളും ഫോണ്‍പേ നടത്തുന്നുണ്ട്. എന്നാല്‍, കമ്പനിയുടെ 90 ശതമാനം വരുമാനവും യുപിഐ സേവനത്തില്‍ നിന്നാണ്.

ഫിന്‍ടെക് മേഖലയിലെ മറ്റൊരു വമ്പനായ പേടിഎം 2021ല്‍ ഓഹരിവിപണിയില്‍ ലിസ്റ്റ് ചെയ്തിരുന്നു. 18,000 കോടി രൂപയാണ് പേടിഎം അന്ന് സമാഹരിച്ചത്. എന്നാല്‍, ഓഹരി വില ഇടിഞ്ഞത് നിക്ഷേപകര്‍ക്ക് പിന്നീട് കനത്ത തിരിച്ചടിയായിരുന്നു.

Post a Comment

0 Comments