എയ്‌ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനം സംബന്ധിച്ച് നായർ സർവീസ് സൊസൈറ്റിയുടെ ഹർജിയിൽ നൽകിയ ഉത്തരവ് എല്ലാ മാനേജ്‌മെന്റുകൾക്കും ബാധകമാക്കണമെന്നാവശ്യപ്പെട്ട് സർക്കാർ നൽകിയ അപേക്ഷ 27ന് പരിഗണിക്കുമെന്ന് സുപ്രീംകോടതി. ജസ്റ്റിസ് ജെ കെ മഹേശ്വരിയുടെ ബെഞ്ചിന് മുന്പാകെ വിഷയം സ്റ്റാൻഡിങ് കോൺസൽ സി കെ ശശി പരാമർശിച്ചതോടെയാണ് നടപടി. മറ്റ് സമാന ഹർജികളും അപേക്ഷയോടൊപ്പം പരിഗണിച്ച് തീർപ്പാക്കണമെന്ന് ബെഞ്ചിന് മുന്പാകെ ആവശ്യപ്പെട്ടിട്ടുണ്ട്.
മൂന്നുശതമാനം ഭിന്നശേഷി തസ്‌തിക ഒഴിച്ചിട്ടശേഷം ബാക്കി തസ്‌തികകളിൽ നിയമനം നടത്താൻ 2025 മാർച്ചിൽ എൻഎസ്‌എസിന് നൽകിയ അനുമതി എല്ലാ മാനേജ്‌മെന്റുകൾക്കും ബാധകമാക്കണമെന്നാണ് പ്രധാന ആവശ്യം. ഇതുവരെ 1533 ഭിന്നശേഷി അധ്യാപകരെ നിയമിച്ചിട്ടുണ്ടെന്നും 1542 ഒഴിവുകൾ മാനേജ്‌മെന്റുകൾ ജില്ലാതല സെലക്‌ഷ്ൻ സമിതികൾക്ക് റിപ്പോർട്ട് ചെയ്‌തതായും സർക്കാർ അപേക്ഷയിൽ പറഞ്ഞിരുന്നു.
എല്ലാ ഒഴിവിലും ഭിന്നശേഷി അധ്യാപകർക്ക് നിയമനം ലഭിക്കുമെന്ന് സർക്കാർ ഉറപ്പാക്കുമെന്നും കോടതിയെ അറിയിച്ചിട്ടുണ്ട്. ജനറൽ തസ്‌തികയിൽ 6230 ജീവനക്കാരെ പ്രൊവിഷണലായും, 17729 പേരെ ദിവസവേതനത്തിലും നിയമിച്ചത് സ്ഥിരപ്പെടുത്താൻ കോടതി അനുമതി ആവശ്യമാണ്.

0 Comments