കണ്ണൂർ:2025-26 വാർഷിക പദ്ധതി ഭേദഗതി നിർദേശങ്ങൾ ജനുവരി 31നകം സമർപ്പിക്കണമെന്ന് ജില്ലാ ആസൂത്രണ സമിതിയുടെ പ്രഥമ അഡ്‌ഹോക് സമിതി യോഗം നിർദേശിച്ചു. പുതുതായി തിരഞ്ഞെടുക്കപ്പെട്ട തദ്ദേശ സ്വയംഭരണ അധ്യക്ഷന്മാർ പങ്കെടുത്ത യോഗത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ബിനോയ് കുര്യൻ അധ്യക്ഷനായി.
തദ്ദേശ സ്ഥാപനങ്ങളുടെ 15ാം ധനകാര്യ കമ്മീഷൻ അവാർഡ് പ്രകാരം അനുവദിച്ച ഹെൽത്ത് ഗ്രാന്റ് ഭേദഗതി ചെയ്യുന്നതിന് സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഈ ഉത്തരവിലെ നിർദേശ പ്രകാരം ജനുവരി 24നകം പദ്ധതി ഭേദഗതി ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കണം. 2026-27 വർഷത്തേക്കുള്ള വാർഷിക പദ്ധതി അംഗീകാരത്തിനായി ഗ്രാമപഞ്ചായത്തുകളും നഗരസഭകളും ഫെബ്രുവരി 20നകവും ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ ഫെബ്രുവരി 23നകവും ജില്ലാ ആസൂത്രണ സമിതിക്ക് സമർപ്പിക്കണം. ജില്ലാ പദ്ധതി അന്തിമമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. വാർഷിക പദ്ധതി തയ്യാറാക്കുമ്പോൾ ഇവയ്ക്ക് മുൻഗണന നൽകണമെന്ന് യോഗം അറിയിച്ചു.
ജില്ലയിലെ ടേക്ക് എ ബ്രേക്ക് സ്ഥാപനങ്ങൾ മുഴുവനായും കാര്യക്ഷമമായി പ്രവർത്തിപ്പിക്കാനുള്ള നടപടികൾ യോഗം ചർച്ച ചെയ്തു. ലൈഫ് മിഷനിൽ അവശേഷിച്ച വീടുകൾ കൂടി പൂർത്തീകരിക്കാനായി സ്വീകരിക്കേണ്ട നടപടികൾ യോഗം ചർച്ച ചെയ്തു.
ഡിപിസി ഹാളിൽ നടന്ന യോഗത്തിൽ ജില്ലാ കലക്ടർ അരുൺ കെ വിജയൻ, ജില്ലാ പ്ലാനിംഗ് ഓഫീസർ നെനോജ് മേപ്പടിയത്ത്, എൽ എസ് ജി ഡി ജോയിന്റ് ഡയറക്ടർ ടി.ജെ അരുൺ, തദ്ദേശ സ്വയംഭരണ അധ്യക്ഷന്മാർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

0 Comments