ഡിസംബർ വരെയുള്ള മൂന്ന് മാസം കൊണ്ട് നേടിയത് 374.32 കോടി, ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന അറ്റാദായമെന്ന് സൗത്ത് ഇന്ത്യൻ ബാങ്ക്


കൊച്ചി: സൗത്ത് ഇന്ത്യന്‍ ബാങ്ക് നടപ്പ് സാമ്പത്തികവര്‍ഷത്തിലെ മൂന്നാം പാദത്തിൽ ചരിത്രത്തിലെ ഏറ്റവും ഉയർന്ന അറ്റാദായം. 374.32 കോടി രൂപയാണ് ബാങ്ക് സ്വന്തമാക്കിയത്. മുൻവർഷത്തെ അപേക്ഷിച്ച് ഒൻപത് ശതമാനം വർധനവാണ് ഇത്തവണ രേഖപ്പെടുത്തിയത്. ഇതോടെ നടപ്പ് സാമ്പത്തിക വർഷത്തെ മൂന്ന് പാദങ്ങളിൽ നിന്ന് ബാങ്ക് നേടിയ അറ്റാദായം 1047.64 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 960.69 കോടി രൂപയായിരുന്നു അറ്റാദായം. മൂന്നാം പാദത്തില്‍ ബാങ്കിന്റെ പ്രീ-പ്രോവിഷനിംഗ് പ്രവര്‍ത്തനലാഭം 10 ശതമാനം വര്‍ദ്ധിച്ച് 584.33 കോടി രൂപയായി. മുന്‍ സാമ്പത്തികവര്‍ഷത്തെ സമാന മൂന്നാം പാദത്തില്‍ 528.84 കോടി രൂപയായിരുന്നു പ്രവര്‍ത്തന ലാഭം.

കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ബാങ്കിന്റെ ആകെ നിഷ്‌ക്രിയ ആസ്തി (എന്‍പിഎ) 4.30 ശതമാനത്തില്‍നിന്ന് 2.67 ശതമാനമായി. അറ്റ നിഷ്‌ക്രിയ ആസ്തി കഴിഞ്ഞ വര്‍ഷത്തെ 1.25 ശതമാനത്തില്‍നിന്ന് 0.45 ശതമാനമായി. പലിശേതര വരുമാനം മുന്‍വര്‍ഷത്തേക്കാള്‍ 19 ശതമാനം വളര്‍ച്ച നേടി 485.93 കോടി രൂപയായി ഉയര്‍ന്നു. 2026 സാമ്പത്തികവര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ബാങ്ക് സാമ്പത്തിക പ്രവര്‍ത്തന ചെലവുകളിലെ വര്‍ധനവിനേക്കാള്‍ (3.61%) നേടി നെറ്റ് ടോട്ടൽ ഇൻകം (7.44%) വളര്‍ച്ച കൈവരിച്ചു.

എഴുതിത്തള്ളിയത് ഉള്‍പ്പെടാതെയുള്ള കിട്ടാക്കടങ്ങളുടെ നീക്കിയിരുപ്പ് അനുപാതം (പി.സി.ആര്‍) മുന്‍വര്‍ഷത്തെ 71.73 ശതമാനത്തില്‍നിന്ന് 1177 പോയിന്റുകൾ വര്‍ദ്ധിച്ച് 83.5 ശതമാനമായി. എഴുതിത്തള്ളിയത് ഉള്‍പ്പെടെയുള്ള പി.സി.ആര്‍ 81.07 ശതമാനത്തില്‍നിന്ന് 1050 പോയിന്റുകൾ ഉയര്‍ന്ന് 91.57 ശതമാനമായി. ആസ്തിയിൽ നിന്നുള്ള വരുമാനം ഒരു ശതമാനമായി തുടരുന്നു. പുതിയ നിഷ്ക്രിയ ആസ്തികളുടെ നിരക്കിനെ സൂചിപ്പിക്കുന്ന സ്ലിപ്പേജ് അനുപാതം 0.33 ശതമാനത്തില്‍ നിന്ന് 0.16 ശതമാനമായി.

റീട്ടെയില്‍ നിക്ഷേപങ്ങൾ 13 ശതമാനം വളർച്ചയോടെ 1,15,563 കോടി രൂപയായി ഉയര്‍ന്നു. പ്രവാസി നിക്ഷേപം (എന്‍.ആര്‍.ഐ) നിക്ഷേപം 9 ശതമാനം വർധിച്ച് 33,965 കോടി രൂപയിലെത്തി. കറന്റ് അക്കൗണ്ട് സേവിംഗ്‌സ് അക്കൗണ്ട് നിക്ഷേപത്തില്‍ (കാസ) മുന്‍വര്‍ഷത്തേക്കാള്‍ 15 ശതമാനം വളര്‍ച്ച നേടി. സേവിംഗ്‌സ് ബാങ്ക് നിക്ഷേപത്തില്‍ 14 ശതമാനവും കറന്റ് അക്കൗണ്ടില്‍ 20 ശതമാനവും വര്‍ധനവുണ്ടായി.

മൊത്തം വായ്പകള്‍ 86,966 കോടിയില്‍നിന്ന് 96,764 കോടി രൂപയായി. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് 11 ശതമാനം വളര്‍ച്ച. കോര്‍പ്പറേറ്റ് രംഗത്തെ വായ്പകള്‍ മുന്‍ വര്‍ഷത്തെ 34,956 കോടി രൂപയില്‍ നിന്ന് 38,353 കോടി രൂപയായി. ഇതില്‍ 'എ' ഗ്രേഡും അതിനു മുകളിലും റേറ്റിംഗുള്ള മികച്ച കോര്‍പ്പറേറ്റ് വായ്പകള്‍ 24,628 കോടി രൂപയായി. മുന്‍വര്‍ഷം ഇത് 21,068 കോടി രൂപയായിരുന്നു. മോർട്ട്ഗേജ് ലോൺ ഉൾപ്പടെ ബിസിനസ് രംഗത്തെ വായ്പകള്‍ 12% വളര്‍ച്ച രേഖപ്പെടുത്തി. 16,546 കോടി രൂപയായിരുന്ന ബിസിനസ് വായ്പ 18,553 കോടി രൂപയിലെത്തി.

Post a Comment

0 Comments