തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസിലെ കള്ളപ്പണ ഇടപാട് അന്വേഷിക്കുന്നതിന്‍റെ ഭാഗമായി ഇഡി റെയ്ഡ് നടത്തുന്നത് ഓപ്പറേഷൻ ഗോൾഡൻ ഷാഡോ എന്ന പേരില്‍. സംസ്ഥാന വ്യാപകമായി ഓപ്പറേഷൻ ഗോൾഡൻ ഷാഡോ നടക്കുകയാണ്. രേഖകളും ഡിജിറ്റൽ തെളിവുകളും പിടിച്ചെടുക്കുന്നതിനും, കള്ളപ്പണം വെളുപ്പിക്കലിന്‍റെ പൂർണ്ണ വ്യാപ്തിഎന്നിവ കണ്ടെത്തുന്നതിനുമാണ് പരിശോധന എന്ന് ഇഡി വ്യക്തമാക്കി. കൂടാതെ ശബരിമലയിലെ മറ്റ് ക്രമക്കേടും വാജി വാഹന കൈമാറ്റവും ഉൾപ്പെടെ അന്വേഷണ പരിധിയിലുണ്ട്. കേരളം, കർണാടക, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലായാണ് റെയ്ഡി നടക്കുന്നത്. ശബരിമല സ്വര്‍ണക്കൊള്ള കേസിലെ പ്രതികളായ ഉണ്ണികൃഷ്ണൻ പോറ്റി, മുരാരി ബാബു, എ പത്മകുമാര്‍, എൻ വാസു തുടങ്ങിയവരുടെ വീടുകളിലും മുൻ ദേവസ്വം ബോർഡ് സെക്രട്ടറി എസ് ജയശ്രീയുടെ തിരുവല്ലയിലെ വീട്ടിലും സ്വര്‍ണ വ്യാപാരി ഗോവര്‍ധൻ, സ്മാര്‍ട്ട് ക്രിയേഷൻസ് സിഇഒ പങ്കജ് ഭണ്ഡാരി തുടങ്ങിയവരുടെ സ്ഥാപനങ്ങളിലുമടക്കമാണ് പരിശോധന നടക്കുന്നത്.
ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വെഞ്ഞാറമൂട് വലിയ കട്ടയ്ക്കലിലെ വീട്ടിലും ഇഡി പരിശോധന ആരംഭിച്ചിട്ടുണ്ട്. കെപി ശങ്കരദാസ്, എൻ വിജയകുമാര്‍, എസ് ബൈജു എന്നിവരുടെ തിരുവനന്തപുരത്തെ വീടുകളിലും ഇഡി റെയ്ഡ് നടത്തുന്നുണ്ട്. നിലവിൽ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ ഇഡി പരിശോധനയ്ക്ക് എത്തിയിട്ടില്ല. ശബരിമല സ്വര്‍ണക്കൊള്ള കേസ് അന്വേഷണം ഹൈക്കോടതിയുടെ മേൽനോട്ടത്തിൽ എസ്ഐടി സംഘം അന്വേഷിക്കുന്നതിനിടെയാണ് കേസിലെ സാമ്പത്തിക ഇടപാട് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ അടക്കം നടന്നിട്ടുണ്ടോയെന്ന കാര്യത്തിലാണ് ഇഡി അന്വേഷണം. ഇതുമായി ബന്ധപ്പെട്ട നിര്‍ണായക പരിശോധനയാണ് ഇഡി ആരംഭിച്ചിരിക്കുന്നത്.

0 Comments