കോഴിക്കോട്: ബസിൽ ലൈംഗിക അതിക്രമം നടത്തിയെന്ന് വീഡിയോ പ്രചരിപ്പിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തിൽ പിടിയിലായ ഷിംജിതയുടെ റിമാൻഡ് റിപ്പോർട്ട് പുറത്ത്. ദീപക് ആത്മഹത്യ ചെയ്തത് മനോവിഷമത്തെ തുടർന്നെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. ബസിലെ സിസിടിവി ദൃശ്യങ്ങളിൽ അസ്വഭാവികതയില്ല. പ്രതിക്ക് പീഡന ശ്രമമോ ശാരീരിക ബുദ്ധിമുട്ടുകളോ ഉണ്ടായിട്ടില്ല.
ബസിൽവെച്ച് ദീപക്കിനെ ഉൾപ്പെടുത്തിയുള്ള ഏഴോളം വീഡിയോകളാണ് ഷിംജിത മൊബൈലിൽ ചിത്രീകരിച്ചത്. ഇവ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവെച്ചതായും കണ്ടെത്തി. പൊലീസില്‍ പരാതി നല്‍കാതെയാണ് വീഡിയോ പ്രചരിപ്പിച്ചത്. പ്രതി മലപ്പുറം അരീക്കോട് പഞ്ചായത്ത് അംഗമായിരുന്നു. നിയമത്തെകുറിച്ച് മതിയായ അവബോധം ഉള്ള ആളാണ്. ഒരാളുടെ സ്വകാര്യത മാനിക്കണമെന്ന് വ്യക്തമായ അറിവും ബോധവും പ്രതിക്കുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.
വടകരയിലെ ലീഗ് വനിതാ നേതാവും അരീക്കോട് പഞ്ചായത്ത് മുൻ അംഗവുമാണ് ഷിംജിത. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെ ഇവര്‍ ഒളിവിലായിരുന്നു. വടകരയിലെ ബന്ധു വീട്ടിൽ നിന്നാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് ഷിംജിതയെ അറസ്റ്റ് ചെയ്തത്. ഇന്നലെ കോടതിയില്‍ ഹാജരാക്കിയ ശേഷം 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു.

0 Comments