എന്‍ഡിടിവി സര്‍വേയില്‍ വിഡി സതീശന് മേല്‍ക്കൈ; കോണ്‍ഗ്രസിന് ആശ്വാസം

 



കേരളത്തില്‍ കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥി ആരായിരിക്കുമെന്ന ചോദ്യത്തിന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ല. കോണ്‍ഗ്രസില്‍ അങ്ങനെയൊരു പതിവില്ലെന്നും, തിരഞ്ഞെടുപ്പിന് ശേഷം ഭൂരിപക്ഷം എംഎല്‍എമാരുടെ അഭിപ്രായം കേട്ട് ഹൈക്കമാന്റ് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുകയാണ് പതിവെന്നുമാണ് നേതൃത്വം വ്യക്തമാക്കുന്നത്. ജനങ്ങള്‍ക്കിടയില്‍ സ്വീകാര്യനായ നേതാവിനെ കണ്ടെത്താന്‍ കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് വിദഗ്ധന്‍ സുനില്‍ കനഗോലു സര്‍വേ ഫലം കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ ഉണ്ടെങ്കിലും അത് പൊതുജനങ്ങള്‍ക്ക് മുന്നില്‍ എത്തിയിട്ടില്ല. ഇത്തരമൊരു സാഹചര്യത്തിലാണ് ദേശീയ മാധ്യമമായ എന്‍ഡിടിവിയുടെ സര്‍വെ ഫലം പുറത്തുവന്നിരിക്കുന്നത്. കേരളത്തില്‍ സ്വാധീനമുള്ള നേതാക്കളെ കണ്ടെത്താനായിരുന്നു എന്‍ഡിടിവിയുടെ സര്‍വെ.

കേരളത്തില്‍ ഏറ്റവും ജനപ്രീതിയുള്ള നേതാവായി പ്രതിപക്ഷനേതാവ് വിഡി സതീശനെയാണ് സര്‍വെയിലൂടെ കണ്ടെത്തിയിരിക്കുന്നത്. രണ്ടാമത് മാത്രമേ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്ളൂ. കോണ്‍ഗ്രസില്‍ പിന്നീട് ജനസ്വാധീനമുള്ള നേതാവ് ഡോ. ശശി തരൂരാണ്. വിഡി സതീശന് 22 ശതമാനമാണ് പിന്തുണ. മുഖ്യമന്ത്രി പിണറായി വിജയനെ 18 ശതമാനം പേര്‍ പിന്തുണയ്ക്കുമ്പോള്‍ മുന്‍ പ്രതിപക്ഷനേതാവും കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവുമായ രമേശ് ചെന്നിത്തലയുടെ പേരുപോലും ഇല്ലെന്നതാണ് കോണ്‍ഗ്രസില്‍ ചൂടേറിയ ചര്‍ച്ചാവിഷയം. കേരളത്തിന്റെ മുഖ്യമന്ത്രിയാവുകയെന്ന ഒറ്റ ലക്ഷ്യവുമായി തിരഞ്ഞെടുപ്പ് ഗോഥയില്‍ ഇറങ്ങുന്ന രമേശ് ചെന്നിത്തല ഈ സര്‍വേയുടെ പരിസരത്തുപോലും ഇല്ലെന്നതാണ് കോണ്‍ഗ്രസിലെ പുതിയ വിവാദം.

കേരളത്തില്‍ തുടര്‍ഭരണം അവകാശപ്പെടുന്ന സിപിഐഎമ്മിന് എന്‍ഡിടിവി സര്‍വെ ഫലത്തോട് അത്ര താത്പര്യമില്ല. ഭരണവിരുദ്ധ വികാരം അതിശക്തമാണെന്നാണ് എന്‍ഡിടിവിയുടെ സര്‍വേഫലം. ഇത് യുഡിഎഫിന് വലിയ ആശ്വാസം നല്‍കുമ്പോഴും നേതാക്കള്‍ക്കിടയില്‍ ഭിന്നതയുണ്ടാക്കാന്‍ ഈ സര്‍വേ ഫലം കാരണമാവുമെന്ന ആശങ്കയാണ് ഉയരുന്നത്.

Post a Comment

0 Comments