എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനം; സർക്കാരിന്റേത് തുറന്ന സമീപനം, അർഹതപ്പെട്ട ആനുകൂല്യങ്ങൾ വേഗം ലഭ്യമാക്കും- മന്ത്രി

 

തിരുവനന്തപുരം : എയ്ഡഡ് സ്കൂളുകളിലെ ഭിന്നശേഷി നിയമനത്തിൽ സർക്കാരിന് തുറന്ന സമീപനമാണുള്ളതെന്ന് മന്ത്രി വി ശിവൻകുട്ടി. ആരുടേയും ആനുകൂല്യങ്ങൾ തടഞ്ഞുവയ്ക്കുന്നത് സർക്കാർ നയമല്ല. അധ്യാപകർക്ക് അർഹതപ്പെട്ട ആനുകൂല്യങ്ങൾ എത്രയും വേഗം ലഭ്യമാക്കുന്നതിന് സുപ്രീം കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് ലഭ്യമാക്കുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചു വരികയാണെന്നും മന്ത്രി നിയമസഭയിൽ പറഞ്ഞു.

1995 ലെ Persons with Disabilities Act സെക്ഷൻ 33 പ്രകാരം കാഴ്ചപരിമിതർ, ശ്രവണപരിമിതർ, ചലനശേഷി പരിമിതർ, സെറിബ്രൽ പാൾസി എന്നീ വിഭാഗങ്ങളിലായി 3 ശതമാനം ഭിന്നശേഷി സംവരണം പാലിച്ച് എല്ലാ എസ്റ്റാബ്ലിഷ്മെന്റുകളും നിയമനം നല്കേണ്ടതുണ്ട്. തുടർന്ന് പുറപ്പെടുവിക്കപ്പെട്ട RPWD Act 2016 ലെ സെക്ഷൻ 34(1) പ്രകാരം ഓരോ ഗ്രൂപ്പ് ഓഫ് തസ്തികകളുടെയും കേഡർ സ്ട്രെങ്തിന്റെ ആകെയുളള ഒഴിവുകളിൽ 4 ശതമാനത്തിൽ കുറയാത്ത ഒഴിവുകളിൽ ഭിന്നശേഷിക്കാർക്ക് സംവരണം നൽകി നിയമനം നടത്തേണ്ടതുണ്ട്. ആക്ടിലെ നിർദ്ദേശങ്ങൾ അനുസരിച്ച് സംസ്ഥാനത്തെ സർക്കാർ സ്കൂളുകളിൽ ഭിന്നശേഷി വിഭാഗക്കാർക്ക് 1996 ഫെബ്രുവരി 15 മുതൽ മുതൽ 3 ശതമാനവും 2017 മെയ് മുതൽ 4 ശതമാനവും സംവരണവും നൽകി പിഎസ്‍സി വഴി നിയമനം നടത്തുന്നു.

ഹൈക്കോടതി പുറപ്പെടുവിച്ച വിധിന്യായത്തിന്റെയും സുപ്രീംകോടതി പുറപ്പെടുവിച്ചിട്ടുള്ള ഉത്തരവുകളുടെയും അടിസ്ഥാനത്തിലാണ് സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി വിഭാഗത്തിലുള്ളവരെ നിയമിക്കുന്നത് സംബന്ധിച്ചും മറ്റു ജീവനക്കാരുടെ നിയമന അംഗീകാരം സംബന്ധിച്ചും സർക്കാർ തുടർ മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കുന്നത്.

സംസ്ഥാനത്തെ ഓരോ എയ്ഡഡ് സ്കൂളിലും ഭിന്നശേഷി നിയമനം പൂർണമായും പാലിക്കപ്പെടുന്നതുവരെ 2018 നവംബറിനും 2021 നവംബറിനും ഇടയിലെ ഒഴിവുകളിൽ നിയമിക്കപ്പെട്ട ജീവനക്കാർക്ക് ശമ്പള സ്കെയിലിൽ പ്രൊവിഷണലായും 2021 നവംബറിന് ശേഷം ഉണ്ടായ ഒഴിവുകളിൽ നിയമിക്കപ്പെട്ടവർക്ക് ദിവസ വേതന അടിസ്ഥാനത്തിലും നിയമനം നല്കുന്നതിനുമാണ് കോടതി നിർദേശിച്ചത്. ഈ കോടതി ഉത്തരവുകൾക്കനുസൃതമായാണ് സർക്കാർ ഉത്തരവുകൾ പുറപ്പെടുവിച്ചത്.

ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട്‌ ഹൈക്കോടതി നിർദേശങ്ങൾ പ്രകാരം പ്രൊവിഷണൽ/ദിവസ വേതന അടിസ്ഥാനത്തിൽ നിയമിച്ച ജീവനക്കാർക്ക് ചട്ട പ്രകാരം സാധ്യമായ എല്ലാ ആനുകൂല്യങ്ങളും (പെൻ നമ്പർ, ലീവ്, ഗ്രൂപ്പ് ഇൻഷുറൻസ്, പിഎഫ്, സ്‌ഥാനക്കയറ്റം) നൽകുന്നതിനുള്ള നടപടികൾ സർക്കാർ സ്വീകരിച്ചിട്ടുണ്ട്. ഭിന്നശേഷി വിഭാഗത്തിലുള്ളവർ ജോലിയിൽ പ്രവേശിക്കുന്ന മുറയ്ക്ക് പ്രൊവിഷണൽ/ദിവസ വേതന അടിസ്ഥാനത്തിൽ നിയമിച്ചിട്ടുള്ള മറ്റു ജീവനക്കാർക്ക് അവരുടെ നിയമന തിയതി മുതൽ തന്നെ ക്രമീകരണം നടത്തുന്നതിന് നിലവിൽ തടസങ്ങളില്ല.

നായർ സർവീസ് സൊസൈറ്റി ഫയൽ ചെയ്ത ഹർജിയിൽ സുപ്രീംകോടതി 2025 മാർച്ചിൽ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നായർ സർവീസ് സൊസൈറ്റിയുടെ കീഴിലുള്ള സ്കൂളുകളിൽ ഭിന്നശേഷി നിയമനത്തിന് മാറ്റിവെച്ചിട്ടുള്ള തസ്തികകൾ ഒഴികെ മറ്റു ഒഴിവുകളിൽ റഗുലർ സ്ഥിര നിയമനം നടത്തുവാൻ അനുമതി നൽകുകയും അപ്രകാരം നിയമിതരായവരുടെ സേവന കാലം ആവശ്യമായ നടപടികൾ പൂർത്തീകരിച്ചതിനു ശേഷം ക്രമീകരിക്കുവാനും നിർദേശം നൽകിയിരുന്നു. പ്രസ്തുത ഉത്തരവിൽ, നായർ സർവീസ് സൊസൈറ്റിയും മറ്റു മാനേജമെന്റുകളും അവരുടെ കീഴിലുള്ള സ്കൂളുകളിലെ ഭിന്നശേഷി വിഭാഗത്തിലുള്ളവരുടെ നിയമന നടപടികൾ ത്വരിതപ്പെടുത്തുവാനും കോടതി പ്രത്യേകം നിർദേശം നൽകിയിട്ടുണ്ട്. തുടർന്ന് സർക്കാർ ഉത്തരവ് പുറപ്പെടുവിക്കുകയും ചെയ്തു.

ഈ വിധിന്യായം നായർ സർവീസ് സൊസൈറ്റി മാനേജ്മെന്റിന്റെ കീഴിലുള്ള എയ്ഡഡ് സ്കൂളുകൾക്ക് മാത്രമാണ് ബാധകം എന്നാണ് സർക്കാരിന് അഡ്വക്കേറ്റ് ജനറലിൽ നിന്ന് ലഭിച്ച നിയമോപദേശം. എന്നാൽ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ, പൊതു വിദ്യാഭ്യാസ മന്ത്രിയും നിയമ മന്ത്രിയും അഡ്വക്കേറ്റ് ജനറലും നിയമ വകുപ്പ് സെക്രട്ടറിയും പങ്കെടുത്ത 2025 ഒക്ടോബറിലെ യോഗ തീരുമാനം പ്രകാരം എൻഎസ്എസ് കേസിലെ വിധിന്യായം മറ്റ് എയ്ഡഡ് സ്കൂൾ മാനേജ്‌മെന്റുകൾക്കും ബാധകമാക്കുന്നതിന് സുപ്രീം കോടതിയുടെ അനുമതി തേടുന്നതിന് സർക്കാർ അഫിഡവിറ്റ് ഫയൽ ചെയ്തിട്ടുണ്ട്.

ഇതിന്റെ അടിസ്ഥാനത്തിൽ കോടതി 2025 നവംബറിൽ ഹർജി പരിഗണിക്കുകയും സർവീസ് നടപടികൾ പൂർത്തിയാക്കിയതിനു ശേഷം വീണ്ടും പരിഗണിക്കുന്നതിന് ഉത്തരവാവുകയും ചെയ്തു. ഈ കേസ് 27ന് കോടതി വീണ്ടും പരി​ഗണിക്കും.

നായർ സർവീസ് സൊസൈറ്റിയ്ക്ക് നൽകിയിട്ടുള്ള ഉത്തരവ് സുപ്രീംകോടതിയുടെ അനുമതിയ്ക്കു വിധേയമായി, സമാന സ്ഥിതിയിലുള മറ്റു മാനേജ്‍മെന്റുകൾക്കും ബാധകമാക്കുക എന്നതാണ് സർക്കാർ നയം. അതോടെ ഭിന്നശേഷി വിഷയവുമായി ബന്ധപ്പെട്ട് താത്കാലിക ശമ്പള സ്കെയിൽ തുടരുന്നവർക്കും ദിവസവേതന അടിസ്ഥാനത്തിൽ തുടരുന്നവർക്കും അവരുടെ നിയമന തീയതി മുതൽ തന്നെ സ്ഥിര നിയമനം നൽകുവാൻ സാധിക്കും. ഇതിനായുള്ള എല്ലാ നടപടികളും സർക്കാർ സ്വീകരിച്ചിട്ടുണ്ട്. കൂടാതെ വിവിധ വിദ്യാഭ്യാസ ഓഫീസുകളിൽ തീർപ്പാക്കാൻ അവശേഷിക്കുന്ന നിയമനംഗീകാര ഫയലുകൾ തീർപ്പാക്കുന്നതിനായി സംസ്ഥാനതല അദാലത്തുകൾ ഈ മാസം 23, 27, 29 തീയതികളിൽ മൂന്നു മേഖലകളിലായി സംഘടിപ്പിക്കുവാനും തീരുമാനിച്ചിട്ടുണ്ട്.

സംസ്ഥാനത്തെ എയ്ഡഡ്‌ സ്കൂളുകളിലെ ഭിന്നശേഷി സംവരണ നിയമനവുമായി ബന്ധപ്പെട്ട്‌ സുപ്രീംകോടതി 2023 ഒക്ടോബറിൽ പുറപ്പെടുവിച്ച ഇടക്കാല ഉത്തരവ്‌ പ്രകാരം സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിൽ ഭിന്നശേഷി നിയമന നടപടികൾ സമയ ബന്ധിതമായി പൂർത്തീകരിക്കുന്നതിന് ഒരു സംസ്ഥാനതല സമിതിയും ജില്ലാതല സമിതികളും രൂപീകരിച്ചും ചുമതലകൾ നിശ്ചയിച്ചും 2025 മാർച്ചിൽ ഉത്തരവ് പുറപ്പെടുവിച്ചു. നിലവിൽ സെക്കൻഡറി തലം വരെയുള്ള ജില്ലാ സമിതികളുടെ തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായിട്ടുണ്ട്. ആദ്യ ഘട്ടത്തിൽ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുള്ള ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട യോഗ്യതയുള്ള 450 ഓളം ഉദ്യോഗാർഥികൾക്ക്‌ നിയമന ശുപാർശ ജനുവരി 23ന് കൈമാറും. ജില്ലാതല സമിതികൾ മുഖേനയുള്ള തെരെഞ്ഞെടുപ്പ് പ്രക്രിയ ഈ വർഷം ഒരിക്കൽ കൂടി നടത്തും.

ജില്ലാതല സമിതികൾ മുഖേനയുള്ള ഭിന്നശേഷി ഉദ്യോഗാർഥികളുടെ നിയമന നടപടികൾ പൂർത്തിയാകുന്ന മുറയ്ക്ക് ഇത് സംബന്ധിച്ച ഒരു നടപടി റിപ്പോർട്ട് സുപ്രീംകോടതിക്ക് സമർപ്പിക്കണം. ഈ അവസരത്തിൽ എൻഎസ്എസ് മാനേജമെന്റിന് നൽകിയ അതേ ആനുകൂല്യം മറ്റു സമാന മാനേജമെന്റുകൾക്കും നൽകുന്ന കാര്യത്തിൽ എത്രയും വേഗം തീരുമാനമുണ്ടാക്കണമെന്ന് സുപ്രീംകോടതിയോട് ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.

Post a Comment

0 Comments