ട്രംപിന്റെ പിന്മാറ്റം; എട്ട് യൂറോപ്യൻ രാജ്യങ്ങൾക്കുള്ള തീരുവ പിൻവലിച്ചു

 

ദാവോസ്: ഗ്രീൻലാൻഡുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് യൂറോപ്യൻ രാജ്യങ്ങൾക്ക് അധിക തീരുവ ചുമത്താനുള്ള നീക്കത്തിൽ നിന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പിന്മാറി. നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റൂട്ടുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെയാണ് തീരുവ പിൻവലിക്കാൻ ട്രംപ് തീരുമാനിച്ചത്.

സ്വിറ്റ്‌സർലന്റിലെ ദാവോസിൽ നടക്കുന്ന ലോക സാമ്പത്തിക ഫോറത്തിലാണ് ട്രംപ് നാറ്റോ സെക്രട്ടറിയുമായി ചർച്ച നടത്തിയത്. ഗ്രീൻലാൻഡുമായി ബന്ധപ്പെട്ട് ഒരു ഫ്രെയിം വർക്ക് രൂപപ്പെട്ടിരിക്കുന്നു എന്നാണ് ട്രംപ് പറഞ്ഞത്. എന്നാൽ ഇതിന്റെ വിശദാംശങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. ഗ്രീൻലാൻഡിൽ യുഎസിന് കൂടുതൽ സൈനിക താവളങ്ങൾ സ്ഥാപിക്കുന്നതിന് അനുമതി നൽകുന്നത് അടക്കമുള്ള കാര്യങ്ങളിൽ ധാരണയായെന്നാണ് വിവരം.

നോർവേ, സ്വീഡൻ, ഫ്രാൻസ്, ജർമനി, യുകെ, നെതർലാൻഡ്, ഫിൻലാൻഡ് തുടങ്ങിയ രാജ്യങ്ങൾക്കുമേൽ 10 ശതമാനം തീരുവ ചുമത്തുമെന്നായിരുന്നു ട്രംപിന്റെ ഭീഷണി. ജൂൺ ഒന്ന് മുതൽ തീരുവ 25 ശതമാനമാക്കി ഉയർത്തുമെന്നും ട്രംപ് പറഞ്ഞിരുന്നു.

ഗ്രീൻലാൻഡ് സംബന്ധിച്ച് ഡെൻമാർക്ക് നന്ദിയില്ലാത്തവരാണെന്ന് ട്രംപ് വേൾഡ് ഇക്കണോമിക് ഫോറത്തിൽ പറഞ്ഞു. ഗ്രീൻലാൻഡ് അമേരിക്കയുടെ സുരക്ഷക്ക് അത്യന്താപേക്ഷിതമാണെന്നും അത് തങ്ങളാണ് ഡെൻമാർക്കിന് നൽകിയതെന്നും യുഎസ് പ്രസിഡന്റ് അവകാശപ്പെട്ടു.

Post a Comment

0 Comments