'ഒരു അറിയിപ്പും ലഭിച്ചിട്ടില്ല, എല്ലാം അറിഞ്ഞ ശേഷം പ്രതികരിക്കാം'; ഐക്യത്തിൽ നിന്നുള്ള എൻഎസ്എസ് പിന്മാറ്റത്തിൽ വെള്ളാപ്പള്ളി



ആലപ്പുഴ: എസ്‍എൻഡിപിയുമായുള്ള ഐക്യത്തിൽ നിന്ന് എൻഎസ്എസ് പിന്മാറിയ സാഹചര്യത്തിൽ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശൻ. എൻഎസ്എസ് പിന്മാറ്റത്തെ കുറിച്ച് ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ഇതുസംബന്ധിച്ച് മാധ്യമങ്ങളിലൂടെ അറിഞ്ഞതേയുള്ളൂ. അതിന്റെ അടിസ്ഥാനത്തിൽ മറുപടി പറയുന്നത് ശരിയല്ലെന്നും വെള്ളാപ്പള്ളി.

'കാര്യങ്ങൾ പൂർണമായി അറിഞ്ഞ ശേഷം മറുപടി പറയാം. ചോദ്യങ്ങളും മറുപടികളും ഇപ്പോൾ അപ്രസക്തമാണ്. കുറച്ചുകഴിയട്ടെ'- വെള്ളാപ്പള്ളി നടേഷൻ കൂട്ടിച്ചേർത്തു. പല കാരണങ്ങളാലും മുമ്പുണ്ടായിരുന്ന ഐക്യം വിജയിക്കാതിരുന്ന സാഹചര്യത്തിൽ വീണ്ടുമൊരു ഐക്യശ്രമം പരാജയമാവുമെന്ന് വിലയിരുത്തിയാണ് നായർ-ഈഴവ ഐക്യത്തിൽ നിന്നുള്ള എൻഎസ്എസ് പിന്മാറ്റം. ഇന്ന് പെരുന്നയിൽ ചേർന്ന ഡയറക്ടർ ബോർഡ് യോഗത്തിലാണ് തീരുമാനം. ഡയറക്ടർ ബോർഡ് അംഗങ്ങുടെ കടുത്ത വിയോജിപ്പ് പരിഗണിച്ചാണ് പിന്മാറ്റം.

എൻഎസ്എസിന്റെ അടിസ്ഥാന മൂല്യങ്ങളിൽ നിന്ന് വ്യതിചലിക്കാൻ സാധിക്കില്ലെന്നും അതിനാൽ ഇപ്പോൾ ഒരു ഐക്യം പ്രായോഗികമല്ലെന്നും ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ പറയുന്നു. ഐക്യം പരാജയപ്പെടുമെന്ന് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വ്യക്തമാക്കുന്നതായും വാർത്താക്കുറിപ്പിലുണ്ട്.

എല്ലാ രാഷ്ട്രീയപാർട്ടികളോടും സമദൂര നിലപാടുള്ളതിനാൽ എസ്എൻഡിപിയോടും മറ്റ് സമുദായങ്ങളോടും സൗഹൃദത്തിൽ വർത്തിക്കാനാണ് ആഗ്രഹിക്കുന്നതെന്ന് പറയുന്ന വാർത്താക്കുറിപ്പിൽ, എസ്എൻഡിപി- ഐക്യ ആഹ്വാനവുമായി മുന്നോട്ടുപോകേണ്ടതില്ലെന്ന് യോഗം തീരുമാനിച്ചതായും വ്യക്തമാക്കുന്നു.

ദിവസങ്ങൾക്ക് മുമ്പായിരുന്നു വെള്ളാപ്പള്ളിയും ജി. സുകുമാരൻ നായരും എൻഎസ്എസ്- എസ്എൻഡിപി ഐക്യം സംബന്ധിച്ച് അറിയിച്ചിരുന്നത്. ഇത്തരമൊരു ഐക്യം കാലഘട്ടത്തിന്റെ ആവശ്യമാണെന്നും അനിവാര്യമാണെന്നും ഇരുവരും അറിയിച്ചിരുന്നു. വെള്ളാപ്പള്ളിയായിരുന്നു ആദ്യമായി ഐക്യസന്ദേശം മുന്നോട്ടുവച്ചത്. ഇതിന് പിന്തുണയറിയിക്കുകയായിരുന്നു ജി. സുകുമാരൻ നായർ.

അതേസമയം, എൻഎസ്എസ് ഡയറക്ടർ ബോർഡ് യോഗത്തിൽ ഐക്യശ്രമത്തെ ഭൂരിഭാഗം അംഗങ്ങളും എതിർക്കുകയായിരുന്നു. എസ്എൻഡിപിയുമായി കൈകോർത്താൽ തെറ്റായ സന്ദേശമാകുമെന്ന് അംഗങ്ങൾ യോഗത്തിൽ ചൂണ്ടിക്കാട്ടി. എക്യം സാധ്യമായാൽ സമദൂര നിലപാട് ചോദ്യം ചെയ്യപ്പെടുമെന്നും വിമർശനം ഉയർന്നു.


Post a Comment

0 Comments