പിഴയടച്ചില്ലെങ്കിൽ പണി പാളും; നിയമം കടുപ്പിച്ച് ഗതാഗത വകുപ്പ്




തിരുവനന്തപുരം: ട്രാഫിക് നിയമലംഘനങ്ങൾക്ക് ചുമത്തുന്ന പിഴ അടക്കാതെ മുങ്ങിനടക്കുന്നവർക്കെതിരെ കർശന നടപടികളുമായി ഗതാഗത വകുപ്പ്. പിഴ അടയ്ക്കുന്നതിൽ വരുത്തുന്ന വീഴ്ച തുടർന്നാൽ ഡ്രൈവിംഗ് ലൈസൻസും വാഹനത്തിന്റെ രജിസ്ട്രേഷനും റദ്ദാക്കുന്നത് ഉൾപ്പെടെയുള്ള നടപടികളിലേക്കാണ് സർക്കാർ കടക്കുന്നത്. എംവിഡിയും പോലീസും നൽകുന്ന ചലാനുകളിൽ ചെറിയൊരു ശതമാനം മാത്രമാണ് നിലവിൽ പിഴയായി ലഭിക്കുന്നത് എന്ന സാഹചര്യത്തിലാണ് ഈ നീക്കം.

നിയമലംഘനവുമായി ബന്ധപ്പെട്ട ചലാനുകൾ മൂന്ന് ദിവസത്തിനുള്ളിൽ ഓൺലൈനായോ, 15 ദിവസത്തിനുള്ളിൽ നേരിട്ടോ കൈപ്പറ്റണം. തുടർന്ന് 45 ദിവസത്തിനുള്ളിൽ പിഴ അടയ്ക്കുകയോ അല്ലെങ്കിൽ താൻ തെറ്റുകാരനല്ലെന്ന് തെളിവ് സഹിതം ബോധ്യപ്പെടുത്തുകയോ വേണം. അഞ്ച് തവണയിൽ കൂടുതൽ പിഴ ലഭിച്ചിട്ടും അടയ്ക്കാത്ത വാഹനങ്ങളുടെ ആർസി, കരിമ്പട്ടികയിൽ ഉൾപ്പെടുത്തും. ഇതോടെ മോട്ടോർ വാഹന വകുപ്പുമായി ബന്ധപ്പെട്ട ഒരു സേവനവും ഈ വാഹനത്തിന് ലഭിക്കില്ല.

മൂന്ന് മാസമായിട്ടും പിഴയടക്കാത്ത ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കാൻ നിർദ്ദേശമുണ്ട്. അപകടകരമായ ഡ്രൈവിംഗ്, റെഡ് സിഗ്നൽ ലംഘനം എന്നിവ ആവർത്തിക്കുന്നവരുടെ ലൈസൻസ് മൂന്ന് മാസം വരെ സസ്‌പെൻഡ് ചെയ്യാനും അധികൃതർക്ക് അധികാരമുണ്ടാകും. നിയമലംഘകരുടെ വിവരങ്ങൾ ഉടൻ തന്നെ ദേശീയ പോർട്ടലുകളായ വാഹന, സാരഥി എന്നിവയിലേക്ക് കൈമാറും. ഇതോടെ ഇൻഷുറൻസ് പുതുക്കുന്നത് അടക്കമുള്ള കാര്യങ്ങൾ തടസ്സപ്പെടും. നിയമലംഘനം പതിവാക്കുന്നവരെ ലക്ഷ്യമിട്ടുള്ള ഈ നടപടികൾ റോഡ് സുരക്ഷ വർധിപ്പിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. നിയമലംഘകരുടെയും വാഹനങ്ങളുടെ വിവരങ്ങള്‍ വാഹന-സാരഥി പോര്‍ട്ടലിലേക്കും കൈമാറും.

Post a Comment

0 Comments