തിരുവല്ലയിലെ ഹോട്ടലിൽ രാഹുലുമായി തെളിവെടുപ്പ്; ചോദ്യം ചെയ്യലിൽ സഹകരിക്കാതെ എംഎൽഎ

 



പത്തനംതിട്ട: മൂന്നാം ബലാത്സംഗ കേസിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലുമായി തെളിവെടുപ്പ്. പരാതിക്കാരിയെ ബലാത്സംഗം ചെയ്ത തിരുവല്ലയിലെ ക്ലബ്ബ് സെവൻ ഹോട്ടലിലെത്തിച്ചാണ് തെളിവെടുപ്പ്. പത്തനംതിട്ട എആർ ക്യാമ്പിൽ നിന്ന് എസ്ഐടി സംഘം രാഹുലുമായി തിരുവല്ലയിലെ ഹോട്ടലിലെത്തി.

ഹോട്ടലിലെ തെളിവെടുപ്പിന് ശേഷം നിന്ന് നേരെ അടൂരിലേക്ക് വീട്ടിലേക്ക് പോവും. പ്രതിഷേധം കണക്കിലെടുത്ത് വലിയ സുരക്ഷാ സന്നാഹമാണ് ഹോട്ടൽ പരിസരത്ത് ഒരുക്കിയിരിക്കുന്നത്. പാലക്കാട്ടേക്ക് കൂടി തെളിവെടുപ്പിന് കൊണ്ടുപോകണമെന്ന ആവശ്യം എസ്ഐടി ഉന്നയിച്ചിരുന്നു. എന്നാൽ‌, മൂന്നു ദിവസത്തെ കസ്റ്റഡിയാണ് അന്വേഷണസംഘത്തിന് കോടതി അനുവദിച്ചത്.

രാഹുലിനെ വിശദമായി ചോദ്യംചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. പ്രാഥമിക ചോദ്യം ചെയ്യലിൽ അന്വേഷണവുമായി രാഹുൽ സഹകരിക്കുന്നില്ലെന്നാണ് അന്വേഷണ സംഘം പറയുന്നത്. പത്തനംതിട്ട സ്വദേശിനിയുടെ പരാതിയിലാണ് രാഹുലിനെ എസ്ഐടി സംഘം അറസ്റ്റ് ചെയ്തത്.

രാഹുൽ മാങ്കൂട്ടത്തിൽ അതിജീവിതമാരെ ഭീഷണിപ്പെടുത്തി കേസിൽ നിന്ന് പിന്തിരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് കസ്റ്റഡി അപേക്ഷയിൽ പൊലീസ് പറഞ്ഞിരുന്നു. ഈ കേസിലും അത് സംഭവിച്ചേക്കാം. നഗ്ന വീഡിയോകൾ പകർത്തിയ ഫോണുകൾ കണ്ടെത്തണം. വാട്സ്ആപ്പ് ചാറ്റുകൾ വീണ്ടെടുക്കണം. രാഹുലിന് ജാമ്യം ലഭിച്ചാൽ അതിജീവിതയുടെ ജീവൻ അപകടപ്പെടാൻ സാധ്യതയുണ്ട്. ജാമ്യം അനുവദിച്ചാൽ രാഹുൽ ഒളിവിൽ പോകാൻ സാധ്യതയുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചിരുന്നു.

15ന് വൈകിട്ട് പ്രതിയെ തിരികെ എത്തിക്കണമെന്നാണ് കോടതി ഉത്തരവ്. ജാമ്യ ഹരജി 16ന് പരിഗണിക്കും. ഡിജിറ്റൽ രേഖകൾ കണ്ടെടുക്കേണ്ടതുണ്ടെന്ന് എസ്ഐടി കോടതിയെ അറിയിച്ചിരുന്നു. പാലക്കാട് നിന്ന് ഇലക്ട്രോണിക് ഉപകരണങ്ങൾ കണ്ടെത്തേണ്ടതുണ്ടെന്നും എസ്ഐടി വ്യക്തമാക്കിയിരുന്നു. വലിയ പ്രതിഷേധമാണ് ഇന്നലെ കോടതി പരിസരത്തും തിരുവല്ലയിലെ ആശുപത്രി പരിസരത്തുമുണ്ടായത്.

മറ്റ് കേസുകളിൽ ജാമ്യം ലഭിച്ചതിന്റെ പ്രതികാര നടപടി എന്നായിരുന്നു രാഹുലിൻ്റെ അഭിഭാഷകന്റെ വാദം. പരാതിക്കാരി മൊഴി നൽകിയത് വീഡിയോ കോൺഫറൻസ് വഴിയാണ്. മൊഴി എടുത്താൽ മൂന്ന് ദിവസത്തിനകം ഒപ്പിടണം എന്നത് പാലിച്ചില്ല. അറസ്റ്റിനുള്ള കാരണങ്ങൾ പ്രതിയെ ബോധ്യപ്പെടുത്താനായില്ല. എംഎൽഎയെ കൊണ്ടുനടന്ന് പ്രദർശിപ്പിക്കാൻ ആണ് ശ്രമം.

ഭരണഘടനാവകാശ ലംഘനമുണ്ടായി. ഗ്രൗണ്ട് ഓഫ് അറസ്റ്റ് പ്രതിയെ അറിയിച്ചില്ല. അറസ്റ്റ് ചെയ്തപ്പോൾ രണ്ട് സാക്ഷികളുടെ സാന്നിധ്യമുണ്ടാകണമെന്ന ചട്ടം പാലിച്ചില്ല. രാഷ്ട്രീയപ്രേരീതമായ കേസ് എന്നും പ്രതിഭാഗം. മൊബൈൽ ഫോൺ പൊലീസ് കസ്റ്റഡിയിലാണ്. അറസ്റ്റ് നിയമ വിരുദ്ധമാകുമ്പോൾ കസ്റ്റഡിയുടെ ചോദ്യമേ വരുന്നില്ലെന്ന് രാഹുലിന്റെ അഭിഭാഷകൻ അവകാശപ്പെട്ടിരുന്നു. പ്രതി അറസ്റ്റ് നോട്ടീസിൽ ഒപ്പിടാത്തത് എന്തുകൊണ്ടെന്ന് കോടതി ചോദിച്ചു.

ഈ മാസം 11നാണ് രാഹുലിനെ പാലക്കാട്ടെ കെപിഎം ഹോട്ടലിലെത്തി പൊലീസ് കസ്റ്റഡിയിൽ എടുത്തത്. രാഹുലിന്റെ ഫോണും പൊലീസ് പിടിച്ചെടുത്തിരുന്നു. ആദ്യ രണ്ട് കേസുകളിൽ മുൻകൂർ ജാമ്യം നേടിയ രാഹുലിനെ പുതിയ കേസിൽ മുൻകൂർ ജാമ്യത്തിന് പോകാൻ അവസരം നൽകാതെയാണ് പൊലീസ് പൂട്ടിയത്. ആദ്യ കേസിൽ പൊലീസിനെ വെട്ടിച്ച് ഒളിവിൽ പോയ രാഹുലിന്റെ ഓരോ നീക്കവും നിരീക്ഷിച്ച ശേഷമായിരുന്നു പുതിയ കേസിലെ നടപടി.

പാലക്കാട് ഉപതെരഞ്ഞെടുപ്പ് കാലത്ത് നീലപ്പെട്ടി വിവാദമുണ്ടായ അതേ ഹോട്ടലിൽ നിന്നാണ് രാഹുലിനെ പുതിയ ബലാത്സംഗക്കേസിൽ കസ്റ്റഡിയിലെടുത്തത്. അർധരാത്രി 12.30ഓടെയായിരുന്നു മൂന്ന് വാഹനങ്ങളിലായി എട്ട് പൊലീസുകാർ ഹോട്ടലിലെത്തിയത്. റൂം നമ്പർ 2002ലാണ് രാഹുൽ ഉള്ളതെന്ന് അറിഞ്ഞതോടെ അവിടെയെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന്, നേരെ പത്തനംതിട്ട എആർ ക്യാമ്പിലെത്തിച്ചു. തുടർന്ന് പത്തനംതിട്ട മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയുമായിരുന്നു.

Post a Comment

0 Comments