കോഴിക്കോട്: തന്റെ അമ്മയുടെ വിയോഗത്തെ തുടർന്ന് തന്റെ ദുഃഖത്തിൽ പങ്കുചേർന്നവർക്ക് നന്ദി പറഞ്ഞ് നടൻ മോഹൻലാൽ. ''എന്നെ ഞാനാക്കിയ, എന്റെ ജീവിതയാത്രയിൽ സ്‌നേഹവാത്സല്യം കൊണ്ടും സാമീപ്യം കൊണ്ടും എക്കാലവും കരുത്തായിരുന്ന എന്റെ പ്രിയപ്പെട്ട അമ്മ വിഷ്ണുപാദം പൂകി. അമ്മയുടെ വിയോഗത്തെ തുടർന്ന്, എന്റെ ദുഃഖത്തിൽ നേരിട്ടും, അല്ലാതെയും പങ്കുചേർന്ന എല്ലാ പ്രിയപ്പെട്ടവർക്കും ഹൃദയപൂർവം നന്ദി അറിയിച്ചുകൊള്ളട്ടെ. വീട്ടിലെത്തിയും, ഫോൺ മുഖാന്തരവും, സമൂഹമാധ്യമങ്ങൾ വഴിയും അനുശോചനം രേഖപ്പെടുത്തിയ എല്ലാവർക്കും ഒരിക്കൽക്കൂടി നന്ദി, സ്‌നേഹം, പ്രാർത്ഥന''- മോഹൻലാൽ ഫേസ്ബുക്കിൽ കുറിച്ചു.
ചൊവ്വാഴ്ചയാണ് മോഹൻലാലിന്റെ മാതാവ് ശാന്തകുമാരി അന്തരിച്ചത്. സുഹൃത്തുക്കളും ബന്ധുക്കളുമടക്കം നൂറുകണക്കിന് ആളുകളാണ് അന്തിമോപചാരം അർപ്പിക്കാൻ വീട്ടിലെത്തിയത്. ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ, മുഖ്യമന്ത്രി പിണറായി വിജയൻ, മന്ത്രിമാരായ മുഹമ്മദ് റിയാസ്, വീണാ ജോർജ്, വി.അബ്ദുറഹ്മാൻ തുടങ്ങിയവർ വീട്ടിലെത്തിയിരുന്നു.

0 Comments