അയ്യങ്കുന്ന് പഞ്ചായത്തിൽ വന്യജീവി സംഘർഷ ലഘൂകരണം: സമഗ്ര കർമ്മപദ്ധതിയുമായി ജനജാഗ്രതാ സമിതി




അയ്യങ്കുന്ന്: മനുഷ്യ-വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനായുള്ള പ്രവർത്തനങ്ങൾ ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായി അയ്യങ്കുന്ന് ഗ്രാമപഞ്ചായത്തിൽ ജനജാഗ്രതാ സമിതി യോഗം ചേർന്നു. വന്യജീവി ശല്യം തടയുന്നതിനായി അടുത്ത അഞ്ച് വർഷത്തേക്കുള്ള സമഗ്രമായ വികസന രേഖയും കർമ്മപദ്ധതിയും യോഗത്തിൽ ചർച്ച ചെയ്തു.

ചൊവ്വാഴ്ച രാവിലെ പഞ്ചായത്ത് ഹാളിൽ നടന്ന യോഗം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  മിനി വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. കൊട്ടിയൂർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ  നിതിൻരാജ് അധ്യക്ഷത വഹിച്ചു. മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണത്തിൽ വനം വകുപ്പ് നടപ്പിലാക്കുന്ന പദ്ധതികളെക്കുറിച്ചും ഇതിന്റെ പ്രാധാന്യത്തെക്കുറിച്ചും റേഞ്ച് ഓഫീസർ വിശദീകരിച്ചു.

 പഞ്ചായത്തിലെ വനാതിർത്തികളിൽ സോളാർ തൂക്കുവേലികളുടെ നിർമ്മാണം വേഗത്തിലാക്കാനും, ജനവാസ മേഖലകളിൽ സോളാർ ലൈറ്റുകൾ സ്ഥാപിക്കാനും യോഗത്തിൽ തീരുമാനമായി. കാടുപിടിച്ചു കിടക്കുന്ന സ്വകാര്യ വ്യക്തികളുടെ പറമ്പുകൾ വെട്ടിത്തെളിക്കുന്നതുൾപ്പെടെയുള്ള പ്രതിരോധ പ്രവർത്തനങ്ങൾക്കും രൂപം നൽകി. വന്യജീവി പ്രതിരോധ മാർഗ്ഗങ്ങളുടെ (ഫെൻസിങ്) അറ്റകുറ്റപ്പണികൾക്കായി ഫണ്ട് കണ്ടെത്തുന്നതിന് മേലധികാരികൾക്ക് റിപ്പോർട്ട് സമർപ്പിക്കാനും ധാരണയായി.

 വനം വകുപ്പിന്റെ പുതിയ ഉത്തരവ് പ്രകാരം, വനമേഖലയോട് ചേർന്നു കിടക്കുന്ന പഞ്ചായത്തുകളിൽ പൊതുജനങ്ങളുടെ പരാതികൾ പരിഹരിക്കുന്നതിനും സേവനങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി ബീറ്റ് ഫോറസ്റ്റ് ഓഫീസർ  രാജേഷ് ഈഡനെ അയ്യങ്കുന്ന് പഞ്ചായത്തിലെ 'ഫോറസ്റ്റ് ലെയ്‌സൺ ഓഫീസറായി' യോഗം തിരഞ്ഞെടുത്തു. 

വനം വകുപ്പും തദ്ദേശ സ്ഥാപനങ്ങളും തമ്മിലുള്ള പാലമായി പ്രവർത്തിക്കുക, പരാതികളിൽ അടിയന്തര ഇടപെടൽ നടത്തുക, വികസന രേഖയിൽ വനം-വന്യജീവി സംരക്ഷണ പദ്ധതികൾ ഉൾപ്പെടുത്താൻ സഹായിക്കുക എന്നിവയാണ് ലെയ്‌സൺ ഓഫീസറുടെ പ്രധാന ചുമതലകൾ.

കണ്ണൂർ ഡിവിഷൻ തല ലാൻഡ്‌സ്‌കേപ്പ് പ്ലാൻ റേഞ്ച് ഫോറസ്റ്റ് ഓഫീസറും, പഞ്ചായത്ത് തല പ്ലാൻ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ  സുനിൽകുമാർ ചെന്നപ്പോയിലും അവതരിപ്പിച്ചു. ഇരിട്ടി സെക്ഷൻ ഫോറസ്റ്റ് ഓഫീസർ സുനിൽകുമാർ സ്വാഗതം പറഞ്ഞു.പഞ്ചായത്ത് വൈസ് പ്രസിഡന്റ്, മെമ്പർമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥരായ കൃഷി ഓഫീസർ, മൃഗസംരക്ഷണ വകുപ്പ് പ്രതിനിധി, ഹെൽത്ത് ഇൻസ്‌പെക്ടർ, വില്ലേജ് ഓഫീസ് പ്രതിനിധി, പോലീസ്, എസ്.ടി പ്രൊമോട്ടർ, വി.എസ്.എസ് പ്രസിഡന്റുമാർ, കർഷക പ്രതിനിധികൾ എന്നിവർ പങ്കെടുത്തു. പുതിയ ഭരണസമിതിക്ക് വനം വകുപ്പിന്റെ പൂർണ്ണ പിന്തുണ റേഞ്ച് ഓഫീസർ വാഗ്ദാനം ചെയ്തു. 

വിവിധ വകുപ്പുകൾ യോജിച്ച് പ്രവർത്തിക്കണമെന്ന് പ്രസിഡന്റ് അഭ്യർത്ഥിച്ചു. യോഗത്തിൽ പങ്കെടുത്തവർക്ക് വനം വകുപ്പിന്റെ വകയായി ബാഗ് വിതരണം ചെയ്തു

Post a Comment

0 Comments