ലൈക്കിനും റീച്ചിനും വേണ്ടി മറ്റുള്ളവരുടെ ജീവിതം തകർക്കരുത്; മുന്നറിയിപ്പുമായി പൊലീസ്





സമൂഹമാധ്യമങ്ങളിൽ റീച്ചിനും ലൈക്കിനും വേണ്ടി മറ്റുള്ളവരുടെ സ്വകാര്യതയെ ബാധിക്കുന്ന തരത്തിൽ വീഡിയോകൾ നിർമ്മിക്കുന്നവർക്കെതിരെ കർശന മുന്നറിയിപ്പുമായി കേരള പൊലീസ്. ഇൻഫ്ലുവൻസറായ ഷിംജിതയുടെ വീഡിയോയ്ക്ക് പിന്നാലെ കോഴിക്കോട് സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് പൊലീസിന്റെ ഈ ഇടപെടൽ. വൈറലാകാൻ വേണ്ടി മനുഷ്യത്വവും സാമൂഹിക ഉത്തരവാദിത്തങ്ങളും മറന്ന് അർധസത്യങ്ങളും പരിഹാസങ്ങളും പ്രചരിപ്പിക്കുന്നത് വ്യക്തികളുടെ മാനസികാരോഗ്യത്തെയും കുടുംബബന്ധങ്ങളെയും തകർക്കുമെന്ന് പൊലീസ് ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ ഓർമ്മിപ്പിച്ചു. മറ്റൊരാളുടെ ജീവിതം നശിപ്പിച്ചു നേടുന്ന റീച്ച് ഒരു നേട്ടമല്ലെന്നും ഇത്തരം പ്രവണതകൾ അവസാനിപ്പിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

സമൂഹമാധ്യമങ്ങൾ വരുമാനമാർഗമായതോടെ കണ്ടന്റ് ക്രിയേറ്റർമാരുടെ എണ്ണം വർധിച്ചിട്ടുണ്ടെന്നും എന്നാൽ നിയമം കൈയ്യിലെടുക്കാൻ ആർക്കും അവകാശമില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടി. പരാതികളോ പ്രശ്നങ്ങളോ ഉണ്ടെങ്കിൽ നിയമം കയ്യിലെടുത്ത് വീഡിയോകൾ ചെയ്യുന്നതിന് പകരം പൊലീസിനെയാണ് സമീപിക്കേണ്ടത്. അടിയന്തര സഹായം ആവശ്യമുള്ള ഘട്ടങ്ങളിൽ സമൂഹമാധ്യമങ്ങളിൽ പ്രതികരിക്കാതെ 112 എന്ന എമർജൻസി നമ്പറിലേക്ക് വിളിച്ച് വിവരം അറിയിക്കണമെന്നും പൊലീസ് നിർദ്ദേശിച്ചു. അതിരുകടന്ന പരിഹാസങ്ങളും അനുവാദമില്ലാത്ത സ്വകാര്യ വിവരങ്ങളുടെ പ്രചാരണവും നിയമപരമായ നടപടികൾക്ക് കാരണമാകുമെന്നും കുറിപ്പിൽ വ്യക്തമാക്കുന്നു.


Post a Comment

0 Comments