ന്യൂഡൽഹി: കേന്ദ്ര തപാൽ വകുപ്പിൽ ഗ്രാമീണ ഡാക് സേവക് (GDS) തസ്തികകളിലേക്ക് യുവതി യുവാക്കൾക്ക് വൻ അവസരം. രാജ്യവ്യാപകമായി 28,740 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിക്കുന്നത്. എഴുത്ത് പരീക്ഷയോ അഭിമുഖമോ ഇല്ലാതെ പത്താം ക്ലാസ് മാർക്കിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്.
28,740 ഒഴിവുകളിൽ കേരളത്തിൽ ഏകദേശം 1691 ഒഴിവുകളാണ് പ്രതീക്ഷിക്കുന്നത്. അംഗീകൃത ബോർഡിൽ നിന്ന് പത്താം ക്ലാസ് (SSLC) വിജയിച്ചിരിക്കണം. ഗണിതം, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾ നിർബന്ധമായും പഠിച്ചിരിക്കണം. 18 വയസ് മുതൽ 40 വയസ് വരെയാണ് പ്രായപരിധി. SC/ST വിഭാഗക്കാർക്ക് അഞ്ച് വർഷവും OBC വിഭാഗക്കാർക്ക് മൂന്ന് വർഷവും ഇളവ് ലഭിക്കും. പത്താം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന മെറിറ്റ് ലിസ്റ്റ് വഴിയാണ് നിയമനം.
ബിപിഎം തസ്തികയ്ക്ക് 12,000 മുതൽ 29,380 രൂപ വരെയാണ് അടിസ്ഥാന ശമ്പളം. എബിപിഎം/ഡാക് സേവക് തസ്തികകൾക്ക് 10,000 മുതൽ 24,470 രൂപ വരെയുമാണ് ലഭിക്കുക. അപേക്ഷകർക്ക് കമ്പ്യൂട്ടർ പരിജ്ഞാനവും സൈക്കിൾ ഓടിക്കാനുള്ള കഴിവും ഉണ്ടായിരിക്കണം. കൂടാതെ പ്രാദേശിക ഭാഷ (മലയാളം) പത്താം ക്ലാസ് വരെ പഠിച്ചിരിക്കണം.
തപാൽ വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ https://www.indiapost.gov.in/ വഴി ഓൺലൈനായി അപേക്ഷിക്കാം. ജനറൽ/OBC വിഭാഗക്കാർക്ക് 100 രൂപയാണ് അപേക്ഷാ ഫീസ്. സ്ത്രീകൾ, SC/ST, ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസ് നൽകേണ്ടതില്ല. ഫെബ്രുവരി 28ഓടെ ആദ്യ മെറിറ്റ് ലിസ്റ്റ് പുറത്തുവരും. കൂടുതൽ വിവരങ്ങൾക്കായി ഔദ്യോഗിക വിജ്ഞാപനം വരുന്നത് വരെ കാത്തിരിക്കുക.

0 Comments