നടിയെ ആക്രമിച്ച കേസ്; അതിജീവിതയുടെ അഭിഭാഷകക്കെതിരെ രൂക്ഷ വിമർശനവുമായി കോടതി

 


കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയുടെ അഭിഭാഷകക്കെതിരെ കോടതിയുടെ അതിരൂക്ഷ വിമർശനം. വിചാരണ കോടതിയുടേതാണ് വിമർശനം.

വിചാരണ സമയത്ത് പത്ത് ദിവസത്തിൽ താഴെ മാത്രമാണ് അഭിഭാഷക കോടതിയിൽ എത്തിയത്. അരമണിക്കൂർ മാത്രമാണ് അഭിഭാഷക കോടതിയിൽ ഉണ്ടാകാറുള്ളത്. ആ സമയങ്ങളിൽ ഉറങ്ങുകയാണ് പതിവ്. വിശ്രമസ്ഥലം എന്ന രീതിയിലാണ് അഭിഭാഷക കോടതിയിൽ എത്താറുള്ളത്. എന്നിട്ടാണ് കോടതി അത് കേട്ടില്ല, പരിഗണിച്ചില്ല എന്ന് പറയാറുള്ളതെന്നും കോടതി.

കോടതിയലക്ഷ്യ ഹർജികൾ പരിഗണിക്കുന്നതിനിടെയാണ് വിമർശനം. അതിജീവിതയുടെ അഭിഭാഷക ഇന്നും ഹാജരായിരുന്നില്ല.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ അപ്പീലിനായി സർക്കാരിന് നിയമോപദേശം ലഭിച്ചിരുന്നു. വിചാരണ കോടതിയുടെ വിധി പൂർണമായും അംഗീകരിക്കാനാവില്ലെന്നും ദിലീപ് ഉൾപ്പെടെയുള്ള പ്രതികളെ വെറുതെവിട്ട നടപടിക്കെതിരെ ഹൈക്കോടതിയിൽ അപ്പീൽ നൽകണമെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടറുടെ നിയമോപദേശം. ശിക്ഷിക്കപ്പെട്ട പ്രതികൾക്ക് ലഭിച്ചത് ഏറ്റവും കുറഞ്ഞ ശിക്ഷയാണ്. ദിലീപിനെതിരെയുള്ള നിർണായകമായ തെളിവുകൾ വിചാരണ കോടതി പരിഗണിക്കാതെ തള്ളിക്കളഞ്ഞത് നിയമപരമായി നിലനിൽക്കില്ലെന്നും നിയമോപദേശത്തിൽ ചൂണ്ടിക്കാട്ടുന്നു.

നീണ്ട വിധിന്യായത്തിൽ പ്രതികളെ സംരക്ഷിക്കുന്ന തരത്തിലുള്ള അനാവശ്യ ന്യായീകരണങ്ങൾ കോടതി ഉൾപ്പെടുത്തിയെന്നും നീതി ഉറപ്പാക്കാൻ മേൽക്കോടതിയുടെ ഇടപെടൽ അനിവാര്യമാണെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കുന്നു.

Post a Comment

0 Comments