കൊല്ലം : കൊട്ടാരക്കര ഐ.ടി നഗരമായി മാറുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്ഥാനത്തെ ആദ്യത്തെ വര്‍ക്ക് നിയര്‍ ഹോം ‘കമ്മ്യൂണ്‍' ഉദ്ഘാടനം കൊട്ടാരക്കരയിലെ അമ്പലക്കര മൈതാനത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയ പദ്ധതി എല്ലാപ്രദേശങ്ങളിലും പ്രാവര്‍ത്തികമാക്കാനാകും. കേരളത്തിലെ തദ്ദേശതലസ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം.
കെ-ഡിസ്‌ക്കിന്റെ നേതൃത്വത്തില്‍ നോളജ് ഇക്കണോമി മിഷന്‍ മുഖേന നൈപുണ്യ പരിശീലനം നല്‍കുന്നു. പഠനത്തോടൊപ്പം ആവശ്യമായ നൈപുണ്യവും സമ്പാദിക്കാനാണിത്. പഠനം കഴിഞ്ഞവര്‍ക്കും തൊഴില്‍ ലഭിക്കാത്തവര്‍ക്കും അതാത് മേഖലയുമായി ബന്ധപ്പെട്ട പരിശീലനം നല്‍കുന്നതിനും സൗകര്യം ഒരുക്കി. പല കാരണങ്ങള്‍ കൊണ്ടും ജോലി ഉപേക്ഷിക്കേണ്ടി വന്ന അഭ്യസ്തവിദ്യരായ സ്ത്രീകള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് പരിശീലനത്തിലൂടെ നൈപുണ്യവും തൊഴിലവസരവും ഉറപ്പാക്കും. ഉന്നത വിദ്യാഭ്യാസ വകുപ്പും വ്യവസായ സ്ഥാപനങ്ങളുമായി ചേര്‍ന്നും പദ്ധതി ആവിഷ്‌കരിച്ചിട്ടുണ്ട്.
കൊട്ടാരക്കരയില്‍ ഐടി പാര്‍ക്കിന് പുറമേ സംസ്ഥാനത്തെ ആദ്യത്തെ ഡ്രോണ്‍ പാര്‍ക്ക്, സയന്‍സ് മ്യൂസിയം, പ്ലാനറ്റേറിയം, ആധുനിക സ്റ്റേഡിയം, കേരള യൂണിവേഴ്‌സിറ്റിയുടെ റീജ്യണല്‍ സെന്റര്‍ എന്നിവ കൂടി സ്ഥാപിക്കും. ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, മുനിസിപ്പല്‍ ആസ്ഥാനനിര്‍മ്മാണം എന്നിവയുടെ നടപടി പുരോഗമിക്കുന്നു. നഗരത്തിലെ ഗതാഗത കുരുക്കിന് പരിഹാരമായി ബൈപ്പാസ് നിര്‍മ്മാണത്തിന് സ്ഥലമേറ്റെടുപ്പിനുള്ള വിജ്ഞാപനവുമായി.
0 Comments