ബെംഗളൂരു വീണ്ടും ട്രാക്കിലേക്ക്; ആറുമാസത്തിന് ശേഷം ബൈക്ക് ടാക്സികൾ നിരത്തിലിറങ്ങി

 


ബെംഗളൂരു: ആറുമാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം ബെംഗളൂരു നഗരത്തിലെ നിരത്തുകളിൽ വീണ്ടും ബൈക്ക് ടാക്സികൾ ഓടിത്തുടങ്ങി. ഹൈക്കോടതി അനുമതി നൽകിയതോടെയാണ് ബൈക്ക് ടാക്സികൾ സർവീസുകൾ പുനരാരംഭിച്ചത്. നഗരത്തിലെ കടുത്ത ഗതാഗതക്കുരുക്കിൽ പെടാതെ ലക്ഷ്യസ്ഥാനത്തെത്താൻ വിദ്യാർത്ഥികളും ഓഫീസ് ജീവനക്കാരും പ്രധാനമായും ആശ്രയിക്കുന്നത് ബൈക്ക് ടാക്സികളെയാണ്. ഓട്ടോ റിക്ഷകൾ ഈടാക്കുന്നതിന്റെ പകുതി നിരക്ക് മാത്രമേ ബൈക്ക് ടാക്സികൾക്ക് ഈടാക്കുന്നുള്ളൂ എന്നത് സാധാരണക്കാർക്ക് വലിയ ലാഭമാണ്.

ബൈക്ക് ടാക്സി അനുവദിക്കാൻ നയരൂപവത്കരണം നടത്താൻ സർക്കാർ തയ്യാറാകാതെ വന്നതോടെയാണ് നിരോധനം നടപ്പായത്. കഴിഞ്ഞ ജൂണിൽ നിരോധനം നിലവിൽ വന്നതോടെ ഓട്ടോ റിക്ഷാ ഡ്രൈവർമാർ യാത്രക്കാരിൽ നിന്ന് അമിത നിരക്ക് ഈടാക്കുന്നതായി പരാതികൾ ഉയർന്നിരുന്നു. ആപ്പുകൾ വഴി വിളിക്കുമ്പോൾ പോലും അധിക തുക നൽകാതെ വണ്ടി വരാത്ത സാഹചര്യം പലരെയും ബുദ്ധിമുട്ടിച്ചു. ബൈക്ക് ടാക്സികൾ സജീവമാകുന്നതോടെ ഓട്ടോക്കാരുടെ ഈ ചൂഷണത്തിന് അറുതി വരുമെന്നാണ് യാത്രക്കാരുടെ പ്രതീക്ഷ. പൂർണ്ണതോതിൽ പെർമിറ്റുകൾ ലഭ്യമാകുന്നതോടെ വരുംദിവസങ്ങളിൽ കൂടുതൽ ബൈക്കുകൾ നിരത്തിലിറങ്ങും.

Post a Comment

0 Comments