ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട സഭാതർക്കത്തിനിടെ കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി മന്ത്രി വി. ശിവൻകുട്ടി. ശബരിമല വിഷയത്തിൽ പ്രതിപക്ഷം നിയമസഭയിൽ പ്രതിഷേധം തുടരുന്നതിനിടെയാണ് സോണിയ ഗാന്ധിയുടെ വീട് റെയ്ഡ് ചെയ്യണമെന്നും അവരെ അറസ്റ്റ് ചെയ്ത് ചോദ്യം ചെയ്യണമെന്നും മന്ത്രി ആവശ്യപ്പെട്ടത്. സോണിയയുടെ വീട്ടിൽ സ്വർണമുണ്ടെന്നും സംഭവത്തിലെ പ്രതിയായ പോറ്റി അവരുടെ അടുത്ത് രണ്ട് തവണ പോയിട്ടുണ്ടെന്നും ശിവൻകുട്ടി ആരോപിച്ചു.
പ്രതിപക്ഷം സഭയിൽ ഉയർത്തിയ പാരഡി ഗാനത്തിന് അതേ ശൈലിയിൽ തന്നെ മറുപടി നൽകാനും മന്ത്രി ശിവൻകുട്ടിയുടെ നേതൃത്വത്തിലുള്ള ഭരണപക്ഷം തയ്യാറായി. ‘പോറ്റിയെ കേറ്റിയേ’ എന്ന പ്രതിപക്ഷത്തിന്റെ പാട്ടിന് മറുപടിയായി ‘സ്വർണം കട്ടത് ആരപ്പാ, കോൺഗ്രസാണ് അയ്യപ്പാ’ എന്ന് ഭരണപക്ഷം തിരിച്ചു പാടി. പോറ്റിയെ സോണിയ ഗാന്ധിയുടെ അടുക്കലേക്ക് കൊണ്ടുപോയത് ആരാണെന്നും സ്വർണം കെട്ടിക്കൊടുത്തത് എവിടുത്തെ സ്വർണമാണെന്നും വ്യക്തമാക്കണമെന്ന് മന്ത്രി സഭയിൽ ആവശ്യപ്പെട്ടു.
സോണിയ ഗാന്ധിയെ കുറിച്ച് പ്രതിപക്ഷം മനഃപൂർവം മൗനം പാലിക്കുകയാണെന്ന് ശിവൻകുട്ടി കുറ്റപ്പെടുത്തി. പോറ്റിയുടെ സന്ദർശനങ്ങളെക്കുറിച്ചും അവിടെ നടന്ന ഇടപാടുകളെക്കുറിച്ചും സമഗ്രമായ അന്വേഷണം വേണമെന്നാണ് ഭരണപക്ഷത്തിന്റെ നിലപാട്. ശബരിമല വിഷയത്തിൽ പ്രതിപക്ഷം ഉന്നയിക്കുന്ന ആരോപണങ്ങൾ രാഷ്ട്രീയ നാടകമാണെന്നും യഥാർത്ഥ വസ്തുതകൾ കോൺഗ്രസിനെതിരാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

0 Comments