തിരുവനന്തപുരം: കേന്ദ്രസർക്കാർ ജിപിഎസ് മാനദണ്ഡങ്ങളിൽ മാറ്റം വരുത്തിയതോടെ സംസ്ഥാനത്ത് പുതിയ ട്രാൻസ്പോർട്ട് വാഹനങ്ങളുടെ രജിസ്‌ട്രേഷൻ പ്രതിസന്ധിയിൽ. വാഹനങ്ങളിൽ ഘടിപ്പിക്കുന്ന ട്രാക്കിങ് ഡിവൈസുകൾ മോട്ടോർ വാഹന വകുപ്പിന്റെ വാഹൻ സോഫ്റ്റ്‌വേറുമായി ബന്ധിപ്പിക്കാൻ കഴിയാത്തതാണ് ആയിരക്കണക്കിന് വാഹന ഉടമകളെ വലയ്ക്കുന്നത്.
ജനുവരി 1 മുതൽ ചരക്ക്-ട്രാൻസ്പോർട്ട് വാഹനങ്ങളിൽ ജിപിഎസ് നിർബന്ധമാക്കി കേന്ദ്രം ഉത്തരവിറക്കിയിരുന്നു (ഓട്ടോറിക്ഷകൾക്ക് ഇളവുണ്ട്). വെഹിക്കിൾ ഇൻസ്പെക്ടർമാർ ഓൺലൈനായി രേഖകൾ പരിശോധിക്കുമ്പോൾ വാഹനത്തിന്റെ ഇഗ്നീഷ്യൻ ഓൺ ആയിരിക്കണം. എങ്കിൽ മാത്രമേ ജിപിഎസ് സിഗ്നൽ സോഫ്റ്റ്‌വേറിൽ ദൃശ്യമാകൂ. രജിസ്‌ട്രേഷൻ പൂർത്തിയാകാത്തതിനാൽ വാഹനങ്ങൾ ഡീലർ ഷോറൂമുകളിലായിരിക്കും.
ഉദ്യോഗസ്ഥർ ഏത് സമയത്താണ് ഫയൽ പരിശോധിക്കുക എന്ന് കൃത്യമായി അറിയാത്തതിനാൽ, മണിക്കൂറുകളോളം വാഹനം ഓൺ ചെയ്ത് ഇടേണ്ടി വരുന്നു. ഇത് ബാറ്ററിച്ചാർജ് തീരാനും മറ്റ് സാങ്കേതിക പ്രശ്നങ്ങൾക്കും കാരണമാകുന്നു. രജിസ്‌ട്രേഷൻ നടപടികൾ പൂർത്തിയാക്കിയ ശേഷം ജിപിഎസ് സോഫ്റ്റ്‌വേറുമായി ബന്ധിപ്പിക്കാൻ കഴിയുന്ന വിധത്തിൽ മാറ്റം വരുത്തണമെന്ന് ഗതാഗതവകുപ്പ് കേന്ദ്രത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്.

0 Comments