വര്‍ക്ക് ഫ്രം ഹോമില്‍ ചിലവേറെ, അവസാനിപ്പിക്കണോ? ജീവനക്കാരിലേക്ക് സർവേയുമായി ഇൻഫോസിസ്

 



ന്യൂഡല്‍ഹി: ഇന്ത്യയിലെ ജോലിസമയം ആഴ്ചയില്‍ 70 മണിക്കൂറാക്കണമെന്ന ഇന്‍ഫോസിസ് സിഇഒ നാരായണമൂര്‍ത്തിയുടെ പ്രസ്താവനക്ക് പിന്നാലെ പുതിയ പരിഷ്‌കരണത്തിനൊരുങ്ങി കമ്പനി. വര്‍ക്ക് ഫ്രം ഹോം ഷിഫ്റ്റില്‍ ജോലിയെടുക്കുന്നവരോട് അവര്‍ക്കെന്തെല്ലാം ചെലവുകളുണ്ടാകുന്നുവെന്ന് നിരീക്ഷിക്കാനാണ് കമ്പനിയുടെ നീക്കം.

ഇതിന്റെ ഭാഗമായി വര്‍ക്ക് ഫ്രം ഹോം ഷിഫ്റ്റ് ഏറ്റെടുക്കുന്ന കമ്പനിയിലെ ജീവനക്കാരോടെല്ലാം ചെലവുകളോരോന്നും രേഖപ്പെടുത്തി സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് കമ്പനി. കമ്പനിയുടെ കൃത്യമായ മുന്നോട്ടുപോക്കിന് ഇത് വളരെ അവശ്യമായ നീക്കമാണെന്നാണ് വിലയിരുത്തല്‍.

വൈദ്യുതി ചാര്‍ജടക്കമുള്ള ചെലവുകള്‍ കണക്കുക്കൂട്ടുന്നതിനായി തൊഴിലാളികള്‍ക്ക് ഇമെയില്‍ മുഖേനയാണ് കമ്പനി നിര്‍ദേശം നല്‍കിയിരിക്കുന്നത്. പ്രാരംഭഘട്ടത്തില്‍ നിന്ന് വ്യത്യസ്തമായി കമ്പനിയിലെ ജീവനക്കാരുടെ എണ്ണം വര്‍ധിക്കുകയും ഓഫീസിന് പുറത്തും ധാരാളം പേര്‍ ജോലിയെടുക്കുന്നതിനാല്‍ വരവ്-ചെലവുകളുടെ കണക്കുകള്‍ കൃത്യമാക്കുന്നതിനുമായാണ് പുതിയ പരിഷ്‌കരണമെന്ന് ചീഫ് ഫിനാന്‍ഷ്യല്‍ ഓഫീസര്‍ ജയേഷ് സങ്കര്‍ജ്ക പറഞ്ഞു.

'നമ്മുടെ ജോലിയുടെ സ്വഭാവം അനുദിനം വികസിച്ചുകൊണ്ടിരിക്കുകയാണ്. ഓഫീസിനകത്ത് നിന്നുള്ള പരമ്പരാഗത സമ്പ്രദായത്തില്‍ നിന്ന് ഒരുപാട് മാറിയിരിക്കുകയാണ്. വീട്ടിലിരുന്നും മറ്റിടങ്ങളിലുമായും നിരവധി പേര്‍ ജോലി ചെയ്യുന്നുണ്ട്. വര്‍ക്ക് ഫ്രം ഹോം ഷിഫ്‌റ്റെടുക്കുന്നവര്‍ക്ക് ഇലക്ട്രിസിറ്റി ബില്ലടക്കമുള്ള ചെലവുകള്‍ അറിഞ്ഞിരിക്കേണ്ടത് കമ്പനിയുടെ മുന്നോട്ടുപോക്കിന് അനിവാര്യമാണ്'. അദ്ദേഹം വ്യക്തമാക്കി.

ലാപ്‌ടോപ്, മോണിറ്റര്‍, നെറ്റ്‌വര്‍ക്ക് എന്നിങ്ങനെ ഓഫീസില്‍ ഉപയോഗിക്കുന്ന സംവിധാനങ്ങള്‍ വീട്ടില്‍ ഉപയോഗപ്പെടുത്തുമ്പോഴുള്ള ചെലവുകളിലെ ഏറ്റക്കുറച്ചിലുകള്‍ മനസിലാക്കാനുള്ള തരത്തിലാണ് സര്‍വേയിലെ ചോദ്യങ്ങള്‍ തയ്യാറാക്കിയിരിക്കുന്നത്. തൊഴിലാളികളില്‍ നിന്ന് സ്വീകരിക്കുന്ന വിവരങ്ങള്‍ കമ്പനിയുടെ സുതാര്യമായ മുന്നോട്ടുപോക്കിനായി ഉപയോഗിക്കുമെന്നും ജീവനക്കാരെ അറിയിച്ചിട്ടുണ്ട്.

നേരത്തെ, ഇന്ത്യയിലെ ജോലിസമയം ചൈനയുടേതിന് സമാനമായി ആഴ്ചയില്‍ ആറ് ദിവസം ജോലിയെന്ന രീതിയിലേക്ക് മാറ്റണമെന്ന് ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തി അഭിപ്രായപ്പെട്ടിരുന്നു. ഇതിലൂടെ ആഴ്ചയില്‍ 72 മണിക്കൂര്‍ ജോലി ചെയ്യാനാകുമെന്നും ഇന്ത്യയുടെ സാമ്പത്തിക നില അഭിവൃദ്ധപ്പെടണമെന്നുണ്ടെങ്കില്‍ എല്ലാവരും ചൈനയുടെ ഈ മാതൃക സ്വീകരിക്കണമെന്നുമാണ് നാരായണമൂര്‍ത്തിയുടെ അഭിപ്രായം.

Post a Comment

0 Comments