തിരുവനന്തപുരം: നവകേരള സദസിനിടെയുളള 'രക്ഷാപ്രവർത്തന'ത്തിൽ ആരോപണ വിധേയരായ ഉദ്യോഗസ്ഥരെ സർവിസിൽനിന്ന് മാറ്റിനിർത്തിയുള്ള അന്വേഷണത്തിന് സാധ്യത. യുഡിഎഫ് സർക്കാർ അധികാരമേൽക്കുന്നതിന് പിന്നാലെ മുഖ്യമന്ത്രിക്ക് പരാതി നൽകുമെന്ന് നിയുക്ത എംഎൽഎ എ.ഡി തോമസ് പറഞ്ഞു. മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അനിൽ, സുരക്ഷാ ഉദ്യോഗസ്ഥൻ സന്ദീപ് എന്നിവർക്കെതിരെയാണ് പരാതി.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിൽ മർദനത്തിന്റെ ദൃശ്യങ്ങൾ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന വിചിത്രമായ റിപ്പോർട്ടാണ് നൽകിയിരുന്നത്. എന്നാൽ ഈ റിപ്പോർട്ട് ഇതുവരെ അംഗീകരിച്ചിട്ടില്ല.
കേസിൽ നീതിപൂർവമായ അന്വേഷണം നടന്നിട്ടില്ലെന്നും തങ്ങളുടെ മൊഴി പോലും രേഖപ്പെടുത്തിയിട്ടില്ലെന്നുമാണ് അന്ന് ക്രൂരമായ മർദനത്തിനിരയായ എ.ഡി തോമസ് പറയുന്നത്. പരാതി ലഭിച്ചാൽ പ്രാഥമിക നടപടിയെന്ന നിലയിൽ ഈ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്യാനും സർവീസിൽ നിന്ന് മാറ്റിനിർത്തിക്കൊണ്ട് ഗൗരവകരമായ അന്വേഷണം നടത്താനുമാണ് സാധ്യത
നേരത്തെ മുഖ്യമന്ത്രി പിണറായി വിജയൻ 'രക്ഷാപ്രവർത്തനം' എന്ന് വിശേഷിപ്പിച്ച സംഭവത്തിൽ, സർക്കാർ മാറുന്നതോടെ കർശനമായ നിയമനടപടികളുണ്ടാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്.

0 Comments