കൊട്ടിയൂർ: ചുങ്കക്കുന്നിൽ നടന്ന വാഹനാപകടത്തിൽ മരിച്ച തുരുത്തിയിൽ ബിനോയ് (51) എന്ന പേര് ഒരു സാധാരണ നാട്ടുകാരന്റെ മാത്രം പേരല്ല. പുസ്തകങ്ങളെയും എഴുത്തിനെയും ജീവനുപോലെ സ്നേഹിച്ചിരുന്ന ഒരു മനുഷ്യന്റെ പേരാണ് അത്. എഴുത്തുകാരും വായനക്കാരും ഒരുപോലെ സ്‌നേഹിച്ചിരുന്ന ബിനോയുടെ അപ്രതീക്ഷിത വേർപാട് കൊട്ടിയൂരിനെ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്. നൂറുകണക്കിന് പുസ്തകങ്ങളുടെ ശേഖരണമാണ് ബിനോയ്ക്കുള്ളത്. സംസ്ഥാനത്തു തന്നെ പ്രശസ്തരായ എല്ലാ എഴുത്തുകാരും ബിനോയിയുടെ സുഹൃത്തുക്കളാണ്. പുസ്തകം പുറത്തിറങ്ങിയാൽ അതിന്റെ രചയിതാവിന്റെ കയ്യപ്പോടുകൂടിയുള്ള പുസ്തകം വാങ്ങി വായിക്കുക എന്നത് ബിനോയിയുടെ ഹോബിയായിരുന്നു.
ഇന്നലെ രാവിലെ ചുങ്കക്കുന്ന് പള്ളിക്ക് സമീപം സ്കൂട്ടർ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ബിനോയ് മരണപ്പെട്ടത്. അപകടവാർത്ത പുറത്തുവന്നതുമുതൽ സുഹൃത്തുക്കളും നാട്ടുകാരും വിശ്വസിക്കാനാകാതെ നിന്നു. കാരണം, എപ്പോഴും പുഞ്ചിരിയോടെ പുസ്തകങ്ങളെയും സാഹിത്യസംവാദങ്ങളെയും കുറിച്ച് സംസാരിച്ചിരുന്ന ഒരാളായിരുന്നു ബിനോയ്.
നാട്ടിലെ നിരവധി വായനശാലകളുടെയും സാംസ്‌കാരിക പരിപാടികളുടെയും സ്ഥിരം സാന്നിധ്യമായിരുന്നു അദ്ദേഹം. പുതിയ പുസ്തകങ്ങൾ പുറത്തിറങ്ങിയാൽ ആദ്യം കണ്ടെത്തി വായിക്കുന്നതും സുഹൃത്തുക്കൾക്ക് പരിചയപ്പെടുത്തുന്നതും ബിനോയിയുടെ പതിവായിരുന്നു. യുവ എഴുത്തുകാരെ പ്രോത്സാഹിപ്പിക്കാനും അവരുടെ രചനകൾ വായിച്ച് അഭിപ്രായം പറയാനും സമയം കണ്ടെത്തിയിരുന്ന അദ്ദേഹത്തെ പലരും “പുസ്തകങ്ങളുടെ കൂട്ടുകാരൻ” എന്നായിരുന്നു വിശേഷിപ്പിച്ചിരുന്നത്.
സാഹിത്യത്തിനും വായനയ്ക്കുമപ്പുറം സൗഹൃദങ്ങൾ വിലമതിച്ചിരുന്ന വ്യക്തിത്വവുമായിരുന്നു ബിനോയുടേത്. ഏത് പരിപാടിയിലും നിറഞ്ഞ സാന്നിധ്യമായിരുന്ന അദ്ദേഹം ഇനി ഇല്ലെന്ന വാർത്ത ഉൾക്കൊള്ളാനാകാതെ നിൽക്കുകയാണ് സുഹൃത്തുക്കളും നാട്ടുകാരും.
അകാലത്തിൽ പൊലിഞ്ഞ ബിനോയിയുടെ ഓർമ്മകൾ പുസ്തകങ്ങളുടെയും സൗഹൃദങ്ങളുടെയും ഇടയിൽ നീണ്ടുനിൽക്കുമെന്നതാണ് നാട്ടുകാരുടെ വാക്കുകൾ.
.jpg)
0 Comments