കേരളത്തിന്റെ അടുത്ത മുഖ്യമന്ത്രി ആരാണെന്ന കാര്യത്തിൽ ദിവസങ്ങളായി തുടരുന്ന അനിശ്ചിതത്വത്തിന് ഇന്ന് വിരാമമായേക്കും. വൈകിട്ട് ഏഴ് മണിയോടെ കോൺഗ്രസ് ദേശീയ നേതൃത്വം ഔദ്യോഗിക പ്രഖ്യാപനം നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം. മുഖ്യമന്ത്രി സ്ഥാനത്തിനായി ശക്തമായ അവകാശവാദമുന്നയിക്കുന്ന കെ.സി. വേണുഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല എന്നിവർ വലിയ പ്രതീക്ഷയിലാണ്. പ്രഖ്യാപനം നീണ്ടുപോകുന്നത് പാർട്ടിക്കുള്ളിലും യുഡിഎഫ് മുന്നണിയിലും അതൃപ്തിക്ക് കാരണമായ സാഹചര്യത്തിൽ, കൂടുതൽ വൈകിക്കാതെ തീരുമാനം അറിയിക്കാൻ ഹൈക്കമാൻഡ് തീരുമാനിക്കുകയായിരുന്നു.
മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ നിന്നുള്ള മുതിർന്ന നേതാക്കളുമായും വർക്കിംഗ് പ്രസിഡന്റുമാരുമായും ദേശീയ നേതൃത്വം ഡൽഹിയിൽ കൂടിക്കാഴ്ച നടത്തും. കെ. സുധാകരൻ, കെ. മുരളീധരൻ, വി.എം. സുധീരൻ, ഷാഫി പറമ്പിൽ തുടങ്ങിയ പ്രമുഖ നേതാക്കൾ രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖാർഗെ എന്നിവരുമായി ആശയവിനിമയം നടത്തും. സംസ്ഥാനത്തെ പൊതുവികാരം മനസ്സിലാക്കാൻ എത്തിയ രഹസ്യ നിരീക്ഷകർ ഇന്ന് നൽകുന്ന റിപ്പോർട്ട് കൂടി പരിഗണിച്ചാകും അന്തിമ തീരുമാനം. വരും മണിക്കൂറുകളിൽ ഡൽഹിയിൽ നടക്കുന്ന ചർച്ചകൾ കേരള രാഷ്ട്രീയത്തിൽ അതീവ നിർണ്ണായകമാണ്.

0 Comments