സ്റ്റാലിനുമായി കൂടിക്കാഴ്ച നടത്തി വിജയ്; പൊന്നാടയണിച്ച് സ്വീകരണം

 



ചെന്നൈ: തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിന് പിന്നാലെ മുൻ മുഖ്യമന്ത്രി സ്റ്റാലിനെ സന്ദർശിച്ച് വിജയ്. ചെന്നൈ ആൽവാർപേട്ടിലെ എം.കെ സ്റ്റാലിന്റെ വസതിയിലെത്തിയാണ് സന്ദർശനം നടത്തിയത്. ആദ്യ നിയമസഭാ സമ്മേളനത്തിന് ശേഷം മുതിർന്ന നേതാക്കളെ നേരിൽ കാണുക എന്ന കീഴ്വഴക്കത്തിന്റെ ഭാഗമായാണ് ഈ സൗഹൃദ സന്ദർശനം.

‍സ്റ്റാലിന്റെ വസതിയിലെത്തിയ വിജയിയെ ഉദയനിധി സ്റ്റാലിനാണ് സ്വീകരിച്ചത്. ഉദയനിധിയും തുടർന്ന് എം.കെ സ്റ്റാലിനും വിജയിയെ ആലിംഗനം ചെയ്താണ് സ്വീകരിച്ചത്. ഇരുവരും പൊന്നാട അണിയിച്ചു. ഡിഎംകെ അധ്യക്ഷനെ കണ്ടതിന് പിന്നാലെ എംഡിഎംകെ അധ്യക്ഷൻ വൈക്കോയെയും വിജയ് സന്ദർശിച്ചു. നാളെ വിസികെ അധ്യക്ഷൻ തിരുമാവളവനുമായും കൂടിക്കാഴ്ച നടത്തും. കഴിഞ്ഞ ദിവസം ദ്രാവിഡ കഴകം നേതാക്കളെയും വിജയ് നേരിൽ കണ്ടിരുന്നു.

ടിവികെ അധ്യക്ഷനും നടനുമായ വിജയ് ഇന്നലെയാണ് തമിഴ്നാട് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. വൻ ജനാവലിക്ക് മുന്നിൽ ചെന്നൈയിലെ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽവെച്ചാണ് സത്യപ്രതിജ്ഞാ ചടങ്ങുകൾ നടന്നത്. രാഷ്ട്രീയ, സിനിമാ മേഖലയിൽ നിന്നുള്ള പ്രമുഖ വ്യക്തിത്വങ്ങൾ ചടങ്ങിൽ പങ്കെടുത്തിരുന്നു

Post a Comment

0 Comments