തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത തോൽവി പരിശോധിക്കാൻ സിപിഎമ്മിന്റെ സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് ആരംഭിക്കും. ഇന്ന് സംസ്ഥാന സെക്രട്ടറിയേറ്റും തുടർന്നുള്ള രണ്ടുദിവസം സംസ്ഥാന കമ്മിറ്റിയുമാണ് നടക്കുന്നത്. പ്രതിപക്ഷ നേതാവ് ആരാകണമെന്ന് കാര്യത്തിലും തീരുമാനം ഉണ്ടായേക്കും. പിണറായി വിജയനെതിരെയും സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദനെതിരെയും യോഗത്തിൽ വിമർശനമുയരാനാണ് സാധ്യത.
തെരഞ്ഞെടുപ്പ് തോൽവി മേൽത്തട്ടിൽ വിലയിരുത്തി താഴേക്ക് റിപ്പോർട്ട് ചെയ്യുന്ന പതിവ് രീതി വേണ്ടെന്ന നിലപാട് കഴിഞ്ഞ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിൽ തന്നെ ചില നേതാക്കൾ സ്വീകരിച്ചിരുന്നു. മറയില്ലാതെ സംസാരിക്കാനും മുൻവിധിയില്ലാതെ കേൾക്കാനും നേതൃത്വം തയ്യാറാകണം എന്നാണ് ഉയർന്ന അഭിപ്രായം. ഇത് അംഗീകരിക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് പതിവ് രീതിയിൽ നിന്ന് വ്യത്യസ്തമായി ബ്രാഞ്ചിൽ തുടങ്ങി സംസ്ഥാന കമ്മിറ്റി വരെ എത്തുന്ന തരത്തിലുള്ള വിലയിരുത്തൽ നടത്താനാണ് സിപിഎമ്മിന്റെ തീരുമാനം.

0 Comments