ചെന്നൈ: തമിഴ്‌നാട് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് മറ്റന്നാള്‍ നടക്കാനിരിക്കെ പ്രതിപക്ഷ പാര്‍ട്ടിയായ എഐഎഡിഎംകെയില്‍ കടുത്ത ഭിന്നത. മുതിര്‍ന്ന നേതാവ് സി.വി ഷണ്‍മുഖത്തിന്റെ നേതൃത്വത്തില്‍ 34 എഐഎഡിഎംകെ എംഎല്‍എമാര്‍ ഭരണകക്ഷിയായ വിജയിയുടെ ടിവികെയുമായി സഖ്യചര്‍ച്ച നടത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എടപ്പാടി പളനിസ്വാമി സ്ഥാനമൊഴിയണമെന്നും ഷണ്‍മുഖം വിഭാഗം ആവശ്യപ്പെടുന്നുണ്ട്.
34 എംഎല്‍എമാരുടെ പിന്തുണക്കത്തുമായി സി.വി ഷണ്‍മുഖം വിജയിയെ കാണാന്‍ ശ്രമിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 47 സീറ്റുകളില്‍ വിജയിക്കാനാണ് എഐഎഡിഎംകെക്ക് സാധിച്ചത്. ഇതില്‍ മുന്‍ മന്ത്രിമാര്‍ ഉള്‍പ്പെടെ 34 പേര്‍ സി.വി ഷണ്‍മുഖത്തോടൊപ്പമുണ്ട്. അധ്യക്ഷ സ്ഥാനത്തുനിന്ന് മാറണമെന്ന കാര്യം ഇവര്‍ പളനിസ്വാമിയെ അറിയിച്ചതായാണ് വിവരം. തുടര്‍ച്ചയായ തെരഞ്ഞെടുപ്പ് പരാജയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ആവശ്യം.
10 വര്‍ഷം അധികാരത്തിലിരുന്ന എഐഎഡിഎംകെ 2021ലെ തെരഞ്ഞെടുപ്പിലാണ് സ്റ്റാലിന്റെ ഡിഎംകെയോട് പരാജയപ്പെട്ട് പുറത്തായത്. 2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും ജയിക്കാന്‍ പാര്‍ട്ടിക്ക് സാധിച്ചിരുന്നില്ല. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് എടപ്പാടി പളനിസ്വാമി രാജിവെക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. അതേസമയം, ഇടഞ്ഞുനില്‍ക്കുന്ന എംഎല്‍എമാരെ അനുനയിപ്പിക്കാന്‍ പളനിസ്വാമി ശ്രമം തുടങ്ങിയിട്ടുണ്ട്.
തമിഴ്‌നാട് നിയമസഭയില്‍ എംഎല്‍എമാരുടെ സത്യപ്രതിജ്ഞ ഇന്ന് രാവിലെ നടന്നു. 13നാണ് സഭയില്‍ വിജയ് ഭൂരിപക്ഷം തെളിയിക്കേണ്ടത്. നിലവില്‍ 120 എംഎല്‍എമാരുടെ പിന്തുണ വിജയിക്കുണ്ട്. ടിവികെയുടെ 107 കൂടാതെ കോണ്‍ഗ്രസിന്റെ അഞ്ചും സിപിഎം, സിപിഐ, വിസികെ, മുസ്ലിം ലീഗ് എന്നിവയുടെ രണ്ടുവീതം എംഎല്‍എമാരുടെയും പിന്തുണയാണ് വിജയിക്കുള്ളത്. ഐഎഡിഎംകെയില്‍ നിന്നും ഒരുവിഭാഗം ടിവികെക്ക് പിന്തുണ പ്രഖ്യാപിച്ചാല്‍ ആത്മവിശ്വാസത്തോടെ ഭരിക്കാനുള്ള ഭൂരിപക്ഷം സഭയില്‍ വിജയിക്ക് ലഭിക്കും.

0 Comments